Currency

ഹാജര്‍ നിര്‍ബന്ധം: ഖത്തറിലെ സ്‌കൂളുകളില്‍ റൊട്ടേറ്റിങ് ഹാജര്‍ നിലവില്‍ വന്നു

സ്വന്തം ലേഖകന്‍Monday, November 2, 2020 2:09 pm

ദോഹ: ഖത്തറിലെ സ്‌കൂളുകളില്‍ റൊട്ടേറ്റിങ് ഹാജര്‍ സംവിധാനമനുസരിച്ചുള്ള അധ്യയന രീതി ആരംഭിച്ചു. ഹാജര്‍ നില നിര്‍ബന്ധമാക്കിക്കൊണ്ടുള്ള അധ്യയന നടപടികള്‍ക്കാണ് ഖത്തറിലെ സ്വകാര്യ സ്‌കൂളുകളില്‍ തുടക്കമായത്. ഓരോ ക്ലാസിലും പരമാവധി 15 വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിച്ചുകൊണ്ടുള്ള റൊട്ടേറ്റിങ് ഹാജര്‍ നിലയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കര്‍ശനമായ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് സ്‌കൂളുകളില്‍ അധ്യയനം ആരംഭിച്ചിരിക്കുന്നത്.

സ്‌കൂള്‍ അധികൃതര്‍ നിശ്ചയിച്ചുനല്‍കുന്ന ഊഴമനുസരിച്ചാണ് ഓരോ വിദ്യാര്‍ത്ഥിയും സ്‌കൂളിലെത്തേണ്ടത്. സ്‌കൂളിലെത്തേണ്ട ദിവസമല്ലെങ്കില്‍ ഓണ്‍ലൈന്‍ പഠനം തുടരണം. ക്ലാസ് റൂം പഠനം, ഓണ്‍ലൈന്‍ ക്ലാസ് എന്നിവയില്‍ ഏതെങ്കിലുമൊന്ന് തെരഞ്ഞെടുക്കാന്‍ നേരത്തെ നല്‍കിയിരുന്ന അവസരം റദ്ദാക്കിയാണ് വിദ്യാഭ്യാസ മന്ത്രാലയം ഹാജര്‍നില നിര്‍ബന്ധമാക്കിയത്. സ്വകാര്യ സ്‌കൂളുകളില്‍ ഈ അധ്യയനരീതി അക്കാദമിക് കലണ്ടര്‍ അനുസരിച്ചുള്ള ആദ്യ സെമസ്റ്ററിലെ മിഡ് ടേം പരീക്ഷകള്‍ക്ക് കൂടി ബാധകമാണ്.

ക്ലാസ് മുറികളിലും മറ്റിടങ്ങളിലും വിദ്യാര്‍ത്ഥികളുടെ എണ്ണം മൊത്തം ശേഷിയുടെ 42 ശതമാനത്തിലധികമാകരുത്. കിന്റര്‍ഗാര്‍ഡനുകള്‍, ഭിന്നശേഷിക്കാര്‍ക്കുള്ള സ്‌കൂളുകള്‍ തുടങ്ങിയവയിലും ഇതേ നിബന്ധനകള്‍ ബാധകമാണ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x