ദോഹ: ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കാന്‍ ദോഹ എക്സ്പ്രസ് വേയുടെ തെക്കുഭാഗത്തായി പൊതുമരാമത്ത് (അഷ്ഗാല്‍) 40 കിലോമീറ്റര്‍ സൈക്കിള്‍ പാത നിര്‍മിച്ചു. ഒരു ബൈക്ക് പാലം, 17 സൈക്ലിങ് പാര്‍ക്കുകള്‍, 1930 മരങ്ങള്‍, 24 തുരങ്കപാതകള്‍, 17 മേല്‍ക്കൂരകളോടു കൂടിയ ഇരിപ്പിടങ്ങള്‍ എന്നിവയാണ് സൈക്കിള്‍ പാതയിലുള്ളത്.
സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും നടത്തത്തിനും സൈക്കിള്‍ സവാരിക്കുമായി രാജ്യത്തുടനീളം അഷ്ഗാല്‍ കാല്‍നട, സൈക്കിള്‍ പാതകള്‍ നിര്‍മിച്ചിട്ടുണ്ട്. ഓഗസ്റ്റിലാണ് സൈക്ലിങ് ഫാസ്റ്റ് ട്രാക്കിന്റെ വികസനത്തിനായി സാംസ്‌കാരിക, കായിക മന്ത്രാലയത്തിലെ ഖത്തര്‍ സൈക്ലിസ്റ്റ് സെന്ററും അഷ്ഗാലും ധാരണാപത്രം ഒപ്പുവച്ചത്. 2022 ആകുമ്പോള്‍ 2,650 കിലോമീറ്റര്‍ സൈക്കിള്‍, കാല്‍നടപ്പാതയാണ് ലക്ഷ്യമിടുന്നത്. ദോഹ സെന്‍ട്രല്‍ വികസന സൗന്ദര്യവല്‍ക്കരണ പദ്ധതിയുടെ ഭാഗമായി 58 കിലോമീറ്റര്‍ കാല്‍നട, സൈക്കിള്‍പ്പാതയും നിര്‍മിക്കുന്നുണ്ട്.
ലോകത്തിലെ ഏറ്റവും നീളമേറിയ സൈക്കിള്‍ പാത നിര്‍മിച്ച് സെപ്റ്റംബറില്‍ അഷ്ഗാല്‍ ഗിന്നസ് റെക്കോഡില്‍ ഇടം നേടിയിരുന്നു. അല്‍ഖോര്‍ റോഡിലെ ഒളിംപിക് സൈക്ലിങ് ട്രാക്ക് ആണ് ഗിന്നസില്‍ ഇടം നേടിയത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.