Currency

ഖത്തറില്‍ സ്‌കൂള്‍ ജീവനക്കാര്‍ക്ക് കോവിഡ് വാക്‌സിന്‍ നിര്‍ബന്ധം

സ്വന്തം ലേഖകന്‍Friday, March 5, 2021 2:09 pm

ദോഹ: ഖത്തറില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജോലിക്കാര്‍ക്ക് കോവിഡ് വാക്‌സിന്‍ നിര്‍ബന്ധമാക്കുന്നു. അധ്യാപകര്‍, അനധ്യാപകര്‍ തുടങ്ങി സ്‌കൂളുകളിലെ എല്ലാ തരം ജോലിക്കാരും കോവിഡ് വാക്‌സിന്‍ എടുക്കണമെന്നാണ് വിദ്യാഭ്യാസ ഉന്നതവിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഉത്തരവ്. മാര്‍ച്ച് 21 മുതല്‍ ഉത്തരവ് നിലവില്‍ വരും. ഇഹ്തിറാസ് ആപ്പില്‍ കുത്തിവെപ്പ് എടുത്തു എന്ന് തെളിയിക്കുന്ന ഗോള്‍ഡന്‍ സ്റ്റാറ്റസ് ഉണ്ടെങ്കില്‍ മാത്രമേ ജീവനക്കാരെ അകത്തേക്ക് പ്രവേശിപ്പിക്കാവൂവെന്നാണ് മാനേജ്‌മെന്റുകള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം.

അല്ലെങ്കില്‍ എല്ലാ ആഴ്ച്ചയും കോവിഡ് ടെസ്റ്റ് നടത്തി നെഗറ്റീവാണെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സുരക്ഷിതമായ പഠന സാഹചര്യം ഒരുക്കുന്നതിന്റെ ഭാഗമായാണ് നടപടി. സ്‌കൂളുകളിലെ ജീവനക്കാര്‍ക്ക് രോഗബാധ തെളിഞ്ഞാല്‍ അവരുടെ ക്വാറന്റൈന്‍ കാലയളവില്‍ ശമ്പളം നല്‍കാനാവില്ലെന്നും മന്ത്രാലയം അറിയിച്ചു.

നിലവില്‍ കോവിഡ് വാക്‌സിന് യോഗ്യതയുള്ളവരുടെ വിഭാഗങ്ങളില്‍ സ്‌കൂള്‍ ജീവനക്കാരെ ഉള്‍പ്പെടുത്തിയതായും ഈ അവസരം ഉപയോഗിച്ച് മുഴുവന്‍ പേരും വാക്‌സിന്‍ എടുക്കണമെന്നും വിദ്യാഭ്യാസ മന്ത്രാലയം ആവശ്യപ്പെട്ടു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x