Currency

ക്യൂബന്‍ വിപ്ലവ നായകന്‍ ഫിദല്‍ കാസ്‌ട്രോ അന്തരിച്ചു

സ്വന്തം ലേഖകന്‍Saturday, November 26, 2016 12:31 pm

ക്യൂബന്‍ ടിവിയാണ് വാര്‍ത്ത പുറത്ത് വിട്ടത്. കമ്യൂണിസ്റ്റ് വിപ്ലവകാരിയും പതിറ്റാണ്ടുകളോളം ക്യൂബയുടെ ഭരണത്തലവനുമായിരുന്നു.

ഹവാന: ക്യൂബന്‍ വിപ്ലവ നായകന്‍ ഫിദല്‍ കാസ്‌ട്രോ അന്തരിച്ചു. 90 വയസായിരുന്നു. ക്യൂബന്‍ ടിവിയാണ് വാര്‍ത്ത പുറത്ത് വിട്ടത്. കമ്യൂണിസ്റ്റ് വിപ്ലവകാരിയും പതിറ്റാണ്ടുകളോളം ക്യൂബയുടെ ഭരണത്തലവനുമായിരുന്നു. 1959ല്‍ ഫുള്‍ജെന്‍സിയോ ബാറ്റിസ്റ്റയുടെ ഏകാധിപത്യ ഭരണത്തെ അട്ടിമറിച്ചു കൊണ്ട് ഫിദല്‍ അധികാരത്തിലെത്തി. ഏറെ നാളായി രോഗബാധിതനായിരുന്നു.

ആറുവട്ടം ക്യൂബയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടയാളാണ് ഫിഡല്‍ കാസ്‌ട്രോ. ക്യൂബയുടെ കണക്കു പ്രകാരം 1958നും 2000 നുമിടയില്‍ 634 വട്ടം അമേരിക്ക ഫിഡല്‍ കാസ്‌ട്രോയെ വധിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ക്യൂബന്‍ വിപ്ലവത്തിനുശേഷം 1959ല്‍ അധികാരത്തിലെത്തിയ ഫിഡല്‍ കാസ്‌ട്രോ രോഗബാധിതനായതിനെത്തുടര്‍ന്നു 10 വര്‍ഷം മുന്‍പ് അനുജന്‍ റൗള്‍ കാസ്‌ട്രോയെ ചുമതലയേല്‍പ്പിച്ചിട്ടാണ് അധികാരമൊഴിഞ്ഞത്.

ലോകത്ത് ഭരണകാലാവധിയില്‍ ഒന്നാംസ്ഥാനം ഇപ്പോഴും ഫിഡല്‍ കാസ്‌ട്രോയ്ക്കാണ്. 1959 ഫെബ്രുവരി 16 മുതല്‍ 2008 ഫെബ്രുവരി 24 വരെയായി 49 വര്‍ഷവും എട്ടുദിവസവുമാണു കാസ്‌ട്രോ രാഷ്ട്രത്തലവനായിരുന്നത്. ഏകാധിപതിയായിരുന്ന ബാറ്റിസ്റ്റയെ തുരത്തി ഭരണമേറ്റെടുത്ത കാസ്‌ട്രോ 49 വര്‍ഷം അധികാരത്തില്‍ തുടര്‍ന്നു. ക്യൂബന്‍ വിപ്ലവത്തിനു ശേഷം വിവിധ സോഷ്യലിസ്റ്റ് വിപ്ലവ പ്രസ്ഥാനങ്ങള്‍ ലയിച്ച് 1965ല്‍ ക്യൂബന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരിച്ചതു മുതല്‍ ഫിഡല്‍ കാസ്‌ട്രോ ആയിരുന്നു ഫസ്റ്റ് സെക്രട്ടറി. 2008ല്‍ പ്രസിഡന്റ് സ്ഥാനത്തു നിന്നു ഫിഡല്‍ പടിയിറങ്ങി പകരം സഹോദരന്‍ റൗള്‍ അധികാരമേറ്റിരുന്നു. അപ്പോഴും പാര്‍ട്ടിയുടെ തലപ്പത്തു ഫിഡല്‍ തുടര്‍ന്നിരുന്നു.

ആഗസ്ത് 13ന് ക്യൂബയിലെ ഓറിയന്റെ പ്രവിശ്യയിലെ ബിറന്‍ എന്ന സ്ഥലത്താണ് ഫിഡല്‍ കാസ്‌ട്രോ ജനിച്ചത്. ഫിഡല്‍ അലെജാന്‍ഡ്രോ കാസ്‌ട്രോ റൂസ് എന്നാണ് മുഴുവന്‍ പേര്. പിതാവ് സ്‌പെയിന്‍കാരനായ ഏഞ്ചല്‍ കാസ്‌ട്രോ. മാതാവ് ക്യൂബക്കാരിയായ ലിനാറുസ് ഗോണ്‍സാലസ്. കാസ്‌ട്രോയുടെ പ്രാഥമിക വിദ്യാഭ്യാസം സാന്റിയാഗോ ദെ ക്യൂബയിലെ കത്തോലിക്കാ സ്‌കൂളിലായിരുന്നു. ഹവാനയിലെ ബേലെന്‍ സ്‌കൂളില്‍നിന്നു ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. നിയമപഠനത്തിനായി 1945ല്‍ ഹവാന യൂണിവേഴ്‌സിറ്റിയില്‍ ചേര്‍ന്നു. 1950ല്‍ നിയമബിരുദം കരസ്ഥമാക്കിയതിനുശേഷം അഭിഭാഷകവൃത്തിയിലേര്‍പ്പെട്ടു. എന്നാല്‍ രാഷ്ട്രീയത്തോടും വിപ്ലവപ്രവര്‍ത്തനങ്ങളോടുമായിരുന്നു കാസ്‌ട്രോക്ക് ആഭിമുഖ്യം. അദ്ദേഹം സോഷ്യല്‍ ഡെമോക്രാറ്റിക് ഓര്‍ത്തഡോക്‌സ് പാര്‍ട്ടിയില്‍ അംഗത്വം നേടി. ഈ പാര്‍ട്ടി പ്രസിഡന്റ് ബാറ്റിസ്റ്റയുടെ ദുര്‍ഭരണത്തെ ശക്തിയുക്തമായി വിമര്‍ശിച്ചുവന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x