Currency

മാനസികരോഗികളുടെ അവകാശസംരക്ഷണ നിയമത്തിന് അംഗീകാരം

സ്വന്തം ലേഖകന്‍Monday, November 28, 2016 7:16 pm

ചികിത്സാവേളയിലും തുടര്‍ന്നും രോഗികളോട് പുലര്‍ത്തേണ്ട സമീപനവും അവരുടെ അവകാശങ്ങളും വിശദീകരിക്കുന്നതാണിത്. നിയമലംഘകര്‍ക്കെതിരെ കര്‍ശന നടപടിയാണ് നിയമം അനുശാസിക്കുന്നത്.

ദോഹ: മാനസിക രോഗികളുടെ അവകാശ സംരക്ഷണം ലക്ഷ്യമിട്ടുകൊണ്ടുള്ള നിയമത്തിന് അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനി അംഗീകാരം നല്‍കി. ചികിത്സാവേളയിലും തുടര്‍ന്നും രോഗികളോട് പുലര്‍ത്തേണ്ട സമീപനവും അവരുടെ അവകാശങ്ങളും വിശദീകരിക്കുന്നതാണിത്. നിയമലംഘകര്‍ക്കെതിരെ കര്‍ശന നടപടിയാണ് നിയമം അനുശാസിക്കുന്നത്. ഗസറ്റില്‍ പ്രസിദ്ധീകരിച്ച നിയമം രണ്ട് മാസത്തിനകം നിലവില്‍ വരും. ഇതുപ്രകാരം രോഗികളെ പ്രത്യേക മാനസികരോഗ ആസ്പത്രികളിലേ ചികിത്സിക്കാവൂ.

പൂര്‍ണമായും സുരക്ഷിതത്വം ഉറപ്പുനല്‍കുന്നതും രോഗിയുടെ സ്വകാര്യതയെ മാനിക്കുന്നതും ആയിരിക്കണം സ്ഥാപനങ്ങള്‍. രോഗിയെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചാല്‍, 24 മണിക്കൂറിനകം ആസ്പത്രി ഡയറക്ടര്‍ക്കും ആരോഗ്യ മന്ത്രാലയത്തിനും വിവരം നല്‍കണം. ബന്ധുക്കളെയും വിവരം അറിയിക്കണം. ഒരു രോഗിയെ 72 മണിക്കൂര്‍ നേരത്തേക്ക് ആസ്പത്രിയില്‍ നിര്‍ത്തുന്നതിന് ഡോക്ടര്‍ക്ക് അധികാരമുണ്ട്. എന്നാല്‍, അതിന് ശേഷവും നിര്‍ത്തണമെന്നുണ്ടെങ്കില്‍, അതിന്റേതായ നടപടിക്രമങ്ങള്‍ പാലിക്കണം.

ദുരുദ്ദേശത്തോടെ രോഗത്തെക്കുറിച്ച് തെറ്റായ റിപ്പോര്‍ട്ട് നല്‍കുന്ന ഡോക്ടര്‍മാര്‍ക്ക് മൂന്നുവര്‍ഷം തടവോ രണ്ടുലക്ഷം റിയാല്‍ പിഴയോ, ഇവ രണ്ടും ഒരുമിച്ചോ ചുമത്താവുന്നതാണ്. മാനസികാരോഗ്യ കേന്ദ്രങ്ങള്‍ അല്ലാത്തയിടങ്ങളില്‍ മാനസിക രോഗികളെ കിടത്തിച്ചികിത്സിക്കുന്ന ഡോക്ടര്‍മാരും സമാനമായ ശിക്ഷയ്ക്ക് അര്‍ഹരായിരിക്കും. രോഗികളോട് മോശമായി പെരുമാറുന്ന ഡോക്ടര്‍മാര്‍, നഴ്സുമാര്‍, ആസ്പത്രിയിലെ സുരക്ഷാ ജീവനക്കാര്‍ തുടങ്ങിയവര്‍ക്ക് ഒരു വര്‍ഷത്തെ തടവോ, 60,000 റിയാല്‍ പിഴയോ ഇവ ഒരുമിച്ചോ ചുമത്താവുന്നതാണ്. അനാസ്ഥ മൂലം രോഗിക്ക് അംഗവൈകല്യം ഉണ്ടാവുകയോ, രോഗം ബാധിക്കുകയോ ചെയ്താല്‍ ഒരു വര്‍ഷം തടവും 50,000 റിയാല്‍ പിഴയും ഇവ രണ്ടും ഒരുമിച്ചോ ചുമത്താം.

ഖത്തറില്‍ ആദ്യമായാണ് മാനസിക രോഗികളുടെ അവകാശ സംരക്ഷണം ലക്ഷ്യമിട്ട് നിയമം നിലവില്‍ വരുന്നത്. മാനസിക പിരിമുറുക്കവും രോഗങ്ങളും വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഇത്തരമൊരു നിയമം ഏറെ പ്രസക്തമാണെന്ന് വിലയിരുത്തപ്പെടുന്നു. ഖത്തറില്‍ അഞ്ചില്‍ ഒരാള്‍ മാനസിക പിരിമുറുക്കം അനുഭവിക്കുന്നവരാണെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. 2013-ല്‍ രൂപം നല്‍കിയ ദേശീയ മാനസികാരോഗ്യ നയത്തിന്റെ അടിസ്ഥാനത്തിലാണ് നിയമത്തിന് രൂപം നല്‍കിയത്. 2015-ല്‍ നിലവില്‍ വരുമെന്നാണ് നേരത്തേ പ്രഖ്യാപിച്ചിരുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x