
ദോഹ: ഒമ്പതാമത് ഖത്തര്‍ അന്താരാഷ്ട്ര ഭക്ഷ്യമേള ഈ മാസം 15 മുതല്‍ 25 വരെ നടക്കും. ദോഹയിലെ ഷെറാട്ടന്‍ പാര്‍ക്കില്‍ വെച്ചാണ് ഭക്ഷ്യമേള നടക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള രുചിപ്പെരുമയുമായി 177 സ്റ്റാളുകളാണ് 9 ാമത് ഭക്ഷ്യമേളയില്‍ ഉണ്ടാവുക. ഹോട്ടല്‍ ഷെറാട്ടന്‍ പാര്‍ക്കില്‍ 80000 ചതുരശ്ര മീറ്ററില്‍ സംവിധാനിക്കുന്ന ഫെസ്റ്റിവല്‍ നഗരിയില്‍ കുടുംബങ്ങള്‍ക്കായി വിവിധ വിനോദ പരിപാടികളും ഒരുക്കുന്നുണ്ട്.
ഷോപ്പ് ഖത്തര്‍ ഫെസ്റ്റ് കഴിഞ്ഞാല്‍ ഖത്തറിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ മേളയായാണ് ഭക്ഷ്യമേളയെ കാണുന്നത്. 11 ദിവസം നീണ്ടുനില്‍ക്കുന്ന മേളയിലെ പങ്കാളികളുടെ എണ്ണത്തില്‍ മുന്‍ വര്‍ഷത്തെക്കാള്‍ 36 ശതമാനം വര്‍ദ്ധനയുള്ളതായി ഖത്തര്‍ ടൂറിസം അതോറിട്ടി അറിയിച്ചു. സന്ദര്‍ശകരുടെ എണ്ണത്തിലും ആനുപാതികമായ വളര്‍ച്ചയുണ്ടാവുമെന്ന പ്രതീക്ഷയിലാണ് സംഘാടകര്‍.
പ്രാദേശികമായ രുചിപ്പെരുമയും ഇന്ത്യയില്‍ നിന്നടക്കം വൈദേശികമായ ഭക്ഷ്യ വൈവിധ്യങ്ങളും മേളിക്കുന്ന 9ാമത് ഭക്ഷ്യമേളക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഖത്തര്‍ ടൂറിസം അതോറിട്ടി അറിയിച്ചു. മേളയിലേക്ക് ഉച്ചക്ക് 12 മുതല്‍ രാത്രി 12 മണി വരെയായിരിക്കും സാധാരണ ദിവസങ്ങളിലെ പ്രവേശം. രാത്രി 8 മണിക്ക് കോര്‍ണീഷില്‍ വര്‍ണാഭമായ വെടിക്കെട്ട് നടക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.