Currency

ഖത്തറിലെ അല്‍ ഹിലാല്‍ പുതിയ പബ്ലിക് പാര്‍ക്ക് തുറന്നു

സ്വന്തം ലേഖകന്‍Wednesday, February 6, 2019 4:09 pm

ദോഹ: അല്‍ ഹിലാല്‍ മേഖലയില്‍ പുതിയ പബ്ലിക് പാര്‍ക്ക് നഗരസഭ പരിസ്ഥിതി മന്ത്രാലയം തുറന്നു. ഖത്തര്‍ ചാരിറ്റിക്കും ദ് മാളിനും സമീപമുള്ള സ്ഥലത്തു പബ്ലിക് പാര്‍ക്സ് വകുപ്പാണു പൊതു ജനങ്ങള്‍ക്കായി പുതിയ പാര്‍ക്ക് തുറന്നത്. പ്രഭാത നടത്തത്തിനും വ്യായാമത്തിനും ഇറങ്ങുന്നവര്‍ക്കു പ്രയോജനകരമാണ് ഈ പാര്‍ക്ക്. 1.5 കിമീ നീളവും 50 മീറ്റര്‍ വീതിയുമുണ്ട് പാര്‍ക്കിന്.

പാര്‍ക്കിന്റെ വിസ്തൃതി 75,000 ചതുരശ്ര മീറ്ററാണ്. ഹൈവേകളോടും, സ്ട്രീറ്റുകളോടും ചേര്‍ന്നുള്ള ഇത്തരം ഭാഗങ്ങള്‍ നഗരസഭ, പരിസ്ഥിതി മന്ത്രാലയം പാര്‍ക്കുകളായി വികസിപ്പിക്കുന്നതിന്റെ ഭാഗമായാണ് അല്‍ ഹിലാല്‍ മേഖലയിലും പുതിയ പാര്‍ക്ക് തുറന്നത്. ഒട്ടേറെ പ്രവാസികള്‍ താമസിക്കുന്ന മേഖലയായ ഹിലാലില്‍ പുതിയതായി തുറന്ന പാര്‍ക്കില്‍ പൂക്കളും മറ്റും വെച്ചുപിടിപ്പിച്ചു മനോഹരമാക്കിയിട്ടുണ്ട്. മനോഹരവും നീളമേറിയതുമായ നടപ്പാതകളാണു മറ്റൊരു പ്രത്യേകത. നടത്തത്തിനിടയില്‍ അല്‍പമൊന്നു വിശ്രമിക്കണമെങ്കില്‍ അതിനുള്ള ഇരിപ്പിടങ്ങളും സജ്ജമാക്കിയിട്ടുണ്ട്.

പരിസ്ഥിതി ബോധവല്‍ക്കരണം മുന്‍നിര്‍ത്തി ഖത്തറിലെ ഏഴ് പബ്ലിക് പാര്‍ക്കുകളില്‍ നഗരസഭ പരിസ്ഥിതി മന്ത്രാലയം കുടുംബ വിനോദ പരിപാടികള്‍ സംഘടിപ്പിക്കും. ഫെബ്രുവരി 8 മുതല്‍ മാര്‍ച്ച് 22 വരെ എല്ലാ വെള്ളിയാഴ്ചകളിലും ഇസ്ഗാവ, അല്‍ ഖുതെയ്ഫിയ, അല്‍ വക്റ, സിമെയ്സ്മ, അല്‍ ഷഹാനിയ, അല്‍ ഷമാല്‍, അല്‍ ഖോര്‍ എന്നിവിടങ്ങളിലെ പാര്‍ക്കുകളിലാണു പരിപാടികള്‍ നടക്കുക. വിനോദ മത്സരങ്ങള്‍, ഗെയിമുകള്‍, കാര്‍ഷിക പരീക്ഷണങ്ങള്‍, കായിക പരിപാടികള്‍ തുടങ്ങിയ പരിപാടികളില്‍ കൂടുതലും കുട്ടികളെ ലക്ഷ്യമിട്ടാണ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x