
ന്യൂഡല്‍ഹി: നാട്ടില്‍ എത്ര ദിവസം താമസിക്കണമെന്ന പരിധിയില്ലാതെ പ്രവാസികള്‍ക്ക് ആധാര്‍ കാര്‍ഡ് എടുക്കാന്‍കഴിയുന്ന അസാധാരണ ഗസറ്റ് വിജ്ഞാപനം കേന്ദ്രസര്‍ക്കാര്‍ ഇറക്കി. സെപ്റ്റംബര്‍ 20നാണ് ഡി.എല്‍-33004/99 എന്ന നമ്പറിലുള്ള വിജ്ഞാപനം കേന്ദ്രസര്‍ക്കാര്‍ ഇറക്കിയത്. ഇതോടെ പ്രവാസികള്‍ക്ക് വിവിധ കാര്യങ്ങള്‍ക്കായി ആധാര്‍ കാര്‍ഡ് നിര്‍ബന്ധിക്കരുതെന്ന ഇളവാണ് ഇല്ലാതായത്. ഫലത്തില്‍ പ്രവാസികള്‍ക്കെല്ലാം ആധാര്‍ കാര്‍ഡ് നിര്‍ബന്ധവുമായി. പുതിയ നടപടി പ്രകാരം പ്രവാസികള്‍ക്ക് നാട്ടിലെത്തിയാല്‍ ഇനി മുതല്‍ ആധാര്‍ കാര്‍ഡിന് നേരിട്ട് അപേക്ഷിക്കാം.
ആധാര്‍ കാര്‍ഡിന് അപേക്ഷിക്കാന്‍ 182 ദിവസം ഇന്ത്യയില്‍ ഉണ്ടാവണമെന്ന നിബന്ധന നിലവില്‍ ഉണ്ട്. ഇത്തരക്കാരെ മാത്രമേ റെസിഡന്റ് ആയി കണക്കാക്കി ആധാര്‍ കാര്‍ഡ് ലഭ്യമാക്കൂ. ഇതിനാല്‍ നോണ്‍ റെസിഡന്റ് ഇന്ത്യ(എന്‍.ആര്.ഐ)ക്കാര്‍ക്ക് ആധാര്‍ കാര്‍ഡ് ലഭിക്കുന്നതിന് തടസ്സമുണ്ടായിരുന്നു. ഈ സാഹചര്യമാണ് പുതിയ വിജ്ഞാപനപ്രകാരം മാറിയത്. ഇന്ത്യന്‍ പാസ്പോര്‍ട്ട് കൈവശം വെക്കുന്ന ഏതൊരാളെയും ഇന്ത്യന്‍ റെസിഡന്റ് ആയി പരിഗണിച്ച് ആധാര്‍ കാര്‍ഡ് നല്‍കുകയാണ് ഇനി ചെയ്യുക.
182 ദിവസം ഇന്ത്യയില്‍ ഉണ്ടാവുക എന്ന വ്യവസ്ഥ ഉള്ളതിനാല്‍ പ്രവാസികള്‍ക്ക് ആധാര്‍ കാര്‍ഡ് എടുക്കുന്നതിന് തടസ്സമുണ്ടായിരുന്നു. ആധാര്‍ കാര്‍ഡ് ഇല്ലാത്തതിന്റെ പേരില്‍ പ്രവാസികളുടെ അവകാശം തടസ്സപ്പെടരുതെന്ന് കേന്ദ്ര സര്‍ക്കാര്‍ സര്‍ക്കുലറുകള്‍ ഇറക്കിയിരുന്നെങ്കിലും മറിച്ചായിരുന്നു സ്ഥിതി. ഫോണ്‍ കണക്ഷന് മുതല്‍ മക്കളുടെ വിദ്യാഭ്യാസം വരെയുള്ള നിരവധി കാര്യങ്ങളില്‍ ആധാര്‍ കാര്‍ഡിന്റെ പേരില്‍ പ്രവാസികള്‍ പ്രയാസപ്പെട്ടിരുന്നു.
ഈ സാഹചര്യത്തിലാണ് കഴിഞ്ഞ കേന്ദ്രബജറ്റില്‍ പ്രവാസികള്‍ക്കും ആധാര്‍ കാര്‍ഡെന്ന പ്രഖ്യാപനം ഉണ്ടായത്. 182 ദിവസമെന്ന ചട്ടം ഇല്ലാതെതന്നെ ഇന്ത്യന്‍ പാസ്പോര്‍ട്ട് അടിസ്ഥാനമാക്കി എന്‍.ആര്.ഐകള്‍ക്ക് ആധാര്‍കാര്‍ഡ് അനുവദിക്കുമെന്നായിരുന്നു പ്രഖ്യാപനം. ഇതോടെ നേരത്തേയുള്ള ഇളവ് ഇല്ലാതായതോടെ ബാങ്ക് ഇടപാടുകളടക്കമുള്ള വിവിധ നടപടിക്രമങ്ങളില്‍ ആധാര്‍ കാര്‍ഡ് പ്രവാസികള്‍ക്കും നിര്‍ബന്ധമാവുകയും ചെയ്യും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.