
ദോഹ: സുഗമമായ ഗതാഗതം തടസ്സപ്പെടുത്തുന്ന തരത്തില്‍ റോഡുകളില്‍ ഉപേക്ഷിച്ച നിലയിലുള്ള വാഹനങ്ങള്‍ ട്രാഫിക് വിഭാഗം പിടിച്ചെടുക്കാന്‍ തുടങ്ങി. ലെഖ്വിയ, നഗരസഭ, പരിസ്ഥിതി മന്ത്രാലയത്തിലെ സപ്പോര്‍ട്ട് സര്‍വീസ് വിഭാഗം എന്നിവയുമായി ചേര്‍ന്നു ട്രാഫിക് പട്രോളിലെ ട്രാഫിക് മൂവ്മെന്റ് വിഭാഗവും അന്വേഷണ വിഭാഗവുമാണ് ഇതിനു മേല്‍നോട്ടം വഹിക്കുന്നത്.
ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ ഒന്നു മുതല്‍ 15 വരെ സ്ട്രീറ്റുകളില്‍ വ്യാഴാഴ്ച മുതല്‍ റോഡരുകില്‍ ഉപേക്ഷിച്ച വാഹനങ്ങള്‍ പിടിച്ചെടുക്കാന്‍ തുടങ്ങി. ഇതിനു മുന്നോടിയായി സ്ട്രീറ്റിലെ അടിസ്ഥാന സൗകര്യ വികസനങ്ങളെല്ലാം പൂര്‍ത്തിയാക്കിയിരുന്നു. 159 കാറുകളും 16 ട്രക്കുകളും പിടിച്ചെടുത്തു. ആകെ 655 വാഹനങ്ങള്‍ക്കു പിഴ ചുമത്തി. വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ അനുമതിയില്ലാത്ത സ്ഥലങ്ങളില്‍ വാഹനങ്ങള്‍ നിര്‍ത്തിയിടരുതെന്നും സ്ട്രീറ്റുകളിലോ മറ്റു പൊതു സ്ഥലങ്ങളിലോ വാഹനങ്ങള്‍ ഉപേക്ഷിക്കരുതെന്നും ട്രാഫിക് ജനറല്‍ ഡയറക്ടറേറ്റിലെ പട്രോള്‍, ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം അസിസ്റ്റന്റ് ഡയറക്ടര്‍ ലഫ്. കേണല്‍ ജാബര്‍ അല്‍ കുബെയ്സി പറഞ്ഞു.
നിയമ ലംഘനം നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കും. ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ പട്രോള്‍ വാഹനങ്ങള്‍ പരിശോധന തുടരുമെന്നും നിയമലംഘനം നടത്തുന്ന വാഹനങ്ങള്‍ക്കെതിരെ നടപടികളുണ്ടാവുമെന്നും അല്‍ കുബെയ്സി പറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.