Currency

അബുദാബി പുസ്തകോത്സവത്തിന് 24ന് തിരിതെളിയും

സ്വന്തം ലേഖകന്‍Monday, April 22, 2019 7:56 pm

അബുദാബി: രാജ്യാന്തര പുസ്തകോത്സവത്തിന് 24ന്  അബുദാബി നാഷണല്‍ എക്‌സിബിഷന്‍ സെന്ററില്‍ തുടക്കമാകും. അതിഥി രാജ്യമായ ഇന്ത്യയ്ക്ക് ഏറ്റവും വലിയ പവിലിയനടക്കം ശക്തമായ സാന്നിധ്യമുണ്ട്. ബുക്കര്‍ പ്രൈസ് ജേതാവ് ബെന്‍ ഒക്‌റി, സറൂ ബ്രൈര്‍ലെ, നൊബേല്‍ സമ്മാന ജേതാവ് മലാല യൂസഫ് സായിയുടെ പിതാവ് സിയാഉദ്ദീന്‍ യൂസഫ് സായ് എന്നിവരടക്കം ഒട്ടേറെ പ്രമുഖര്‍ പങ്കെടുക്കും. ഇ-സോണ്‍, കോമിക് കോര്‍ണര്‍, എന്റര്‍ടൈന്‍മെന്റ് സോണ്‍ തുടങ്ങിയവയാണ് ഇത്തവണത്തെ പ്രത്യേകത.

അബുദാബി കിരീടാവകാശിയും യുഎഇ സായുധസേന ഉപസര്‍വ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ രക്ഷാകര്‍തൃത്വത്തില്‍ 29 വര്‍ഷമായി നടക്കുന്ന പുസ്തകമേള 30 വരെയാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള എഴുത്തുകാരും പ്രസാധകരും അക്ഷരോത്സവത്തിനെത്തും. പ്രസിദ്ധീകരണങ്ങളുടെ ആഗോള കേന്ദ്രമാക്കി അബുദാബിയെ മാറ്റുകയാണ് ലക്ഷ്യമെന്ന് സംഘാടകരായ സാംസ്‌കാരിക, വിനോദസഞ്ചാര വിഭാഗം അറിയിച്ചു. ഇതോടനുബന്ധിച്ച് സാഹിത്യ, സാംസ്‌കാരിക, കല, സംഗീത, സിനിമ, നൃത്ത പരിപാടികളും ഒരുക്കിയിട്ടുണ്ട്. ഇന്ത്യന്‍ സ്ഥാനപതി നവ്ദീപ് സിങ് സൂരി ഉള്‍പ്പെടെ ശ്രദ്ധേയമായ എഴുത്തുകാര്‍ മുഖ്യവേദിയില്‍ വായനക്കാരുമായി സംവദിക്കും.

ഇന്ത്യയില്‍നിന്ന് നാഷണല്‍ ബുക്ക് ട്രസ്റ്റ്, ഡി.സി ബുക്‌സ്, ലിപി പബ്ലിക്കേഷന്‍സ് തുടങ്ങി 23 പ്രസാധകരാണ് പുസ്തകമേളയില്‍ പങ്കെടുക്കുക. പ്രമുഖ എഴുത്തുകാര്‍, പ്രസാധകര്‍, കലാകാരന്മാര്‍ ഉള്‍പ്പെടുന്ന 100 അംഗ സംഘവും ഇന്ത്യയില്‍ നിന്നെത്തുന്നുണ്ട്. സഹിഷ്ണുതാ വര്‍ഷത്തില്‍ വിവിധ രാജ്യങ്ങളുടെ സംസ്‌കാരങ്ങള്‍ ഉള്‍ക്കൊള്ളുന്നതിന്റെ ഭാഗമായാണ് ഇന്ത്യയെ അതിഥി രാജ്യമായി പരിഗണിച്ചതെന്ന് ദേശീയ ലൈബ്രറി വിഭാഗമായ ദാര്‍ അല്‍ കുതുബ് ആക്ടിങ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അബ്ദുല്ല മാജിദ് അല്‍ അലി പറഞ്ഞു. 50 രാജ്യങ്ങളിലെ 1000 പ്രസാധകരിലൂടെ അഞ്ചു ലക്ഷം ശീര്‍ഷകത്തിലുള്ള പുസ്തകങ്ങളാണ് മേളയെ സമ്പന്നമാക്കുക.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x