Currency

ഇന്ത്യന്‍ സ്‌കൂള്‍ അഡ്മിഷന്‍: അപേക്ഷകര്‍ ഈ വര്‍ഷം 17 ശതമാനം കുറഞ്ഞു

സ്വന്തം ലേഖകന്‍Sunday, February 25, 2018 10:49 am

മസ്‌കത്ത്: ഇന്ത്യന്‍ സ്‌കൂള്‍ ബിഒഡിക്ക് കീഴിലെ ആറ് ഇന്ത്യന്‍ സ്‌കൂളുകളിലേക്കുള്ള പ്രവേശന അപേക്ഷകരില്‍ കുറവ്. ഈ വര്‍ഷം അപേക്ഷകര്‍ 17 ശതമാനമാണ് കുറവ്. ഈ മാസം 15ന് ഉച്ചയ്ക്ക് രണ്ടു മണിയോടെ അഡ്മിഷന്‍ സമയം അവസാനിച്ചപ്പോള്‍ 4,400 അപേക്ഷകളാണ് ലഭിച്ചിരിക്കുന്നത്. അഞ്ചു വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ അപേക്ഷകളാണ് ഇത്തവണ ലഭിച്ചതെന്ന് ഇന്ത്യന്‍ സ്‌കൂള്‍ ബോര്‍ഡ് വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷം 5,300 അപേക്ഷകള്‍ ലഭിക്കുകയും 5,100 പേര്‍ പ്രവേശനം നേടുകയും ചെയ്തിരുന്നു.

2014ല്‍ 4,600, 2015ല്‍ 5,000, 2016ല്‍ 4,700 എന്നിങ്ങനെയാണ് അപേക്ഷകരുടെ എണ്ണം. മസ്‌കത്ത്, ദാര്‍സൈത്ത്, ഗുബ്ര, വാദി കബീര്‍ ഇന്ത്യന്‍ സ്‌കൂളിലേക്കാണ് കൂടുതല്‍ അപേക്ഷകള്‍ ലഭിക്കുന്നത്. അപേക്ഷിച്ച മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും പ്രവേശനം നല്‍കാന്‍ സാധിക്കുമെന്ന് ഇന്ത്യന്‍ സ്‌കൂള്‍ ബോര്‍ഡ് വ്യക്തമാക്കി. ഉച്ചക്ക് ശേഷമുള്ള ഷിഫ്റ്റുകളിലും ക്ലാസുകള്‍ തുടരും. അതേസമയം അപേക്ഷകരില്‍ വന്‍ കുറവുണ്ടായാല്‍ ഷിഫ്റ്റ് എടുത്തുകളയും. ഷിഫ്റ്റിന് അനുമതിയുള്ള സീബ് ഇന്ത്യന്‍ സ്‌കൂളില്‍ കഴിഞ്ഞ വര്‍ഷം ഇത് ഉപയോഗപ്പെടുത്തിയിരുന്നില്ല.

കെജി മുതല്‍ ഒമ്പതാം ക്ലാസ് വരെയാണ് ഓണ്‍ലൈന്‍ അഡ്മിഷന്‍ സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. കെജി വണ്‍ ക്ലാസില്‍ ലഭ്യമായ 2,290 സീറ്റുകളിലേക്ക് ഇത്തവണ 2,450 അപേക്ഷകളാണ് ലഭിച്ചത്. 433 സീറ്റുകളുള്ള കെജി ടു ക്ലാസിലേക്ക് 535 അപേക്ഷകളാണ് ലഭിച്ചത്. ഒന്നാം ക്ലാസിലേക്ക് ഒഴിവുള്ള 493 സീറ്റിലേക്ക് 625 പുതിയ അപേക്ഷകള്‍ ലഭിച്ചു. കേന്ദ്രീകൃത ഓണ്‍ലൈന്‍ റജിസ്ട്രേഷന്‍ രക്ഷിതാക്കള്‍ക്ക് ഏറെ ഗുണകരമാകുകയാണ്.

അഡ്മിഷനുള്ള ആദ്യ നറുക്കെടുപ്പ് അടുത്ത മാസം പകുതിയോടെ നടന്നേക്കും. ആദ്യഘട്ടത്തില്‍ അഡ്മിഷന് അവസരം ലഭിക്കുന്ന വിദ്യാര്‍ഥികളുടെ പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കുന്നതോടെ രണ്ടാം ഘട്ട നറുക്കെടുപ്പ് നടക്കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x