
ദോഹ: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തിലേക്ക് എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ കണ്ണൂര്‍- ദോഹ വിമാനം ഡിസംബര്‍ പത്തിനു സര്‍വീസ് ആരംഭിച്ചേക്കും. കണ്ണൂരില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ രാജ്യാന്തര വിമാനങ്ങളുടെ സമയക്രമം ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ(ഡിജിസിഎ) പരിഗണനയിലാണ്.
സമയക്രമത്തിന് അംഗീകാരം ലഭിച്ചാല്‍ ടിക്കറ്റ് ബുക്കിങ് ആരംഭിക്കും. ദോഹ- കണ്ണൂര്‍ സെക്ടറില്‍ ആഴ്ചയില്‍ 4 സര്‍വീസുകളാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് നടത്തുക. താല്‍ക്കാലിക സമയക്രമം അനുസരിച്ച് കണ്ണൂര്‍- ദോഹ വിമാനം(ഐഎക്‌സ് 0773) കണ്ണൂരില്‍ നിന്ന് രാത്രി 8.20നു പുറപ്പെട്ട് രാത്രി പത്തിനു ദോഹയിലെത്തും. ദോഹ- കണ്ണൂര്‍ വിമാനം(ഐഎക്‌സ് 0774) രാത്രി 11നു ദോഹയില്‍ നിന്നു പുറപ്പെട്ട് പുലര്‍ച്ചെ 5.45നു കണ്ണൂരിലെത്തും. നാലു മണിക്കൂറും 15 മിനിറ്റുമായിരിക്കും യാത്രാ സമയം. ഡിസംബര്‍ ഒന്‍പതിനാണു കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളം ഉദ്ഘാടനം ചെയ്യുക.
എയര്‍ ഇന്ത്യ അന്നു തന്നെ രാജ്യാന്തര സര്‍വീസുകള്‍ ആരംഭിക്കുമെങ്കിലും ദോഹയിലേക്കുള്ള സര്‍വീസുകള്‍ പത്തിനു മാത്രമേ തുടങ്ങുകയുള്ളൂ. എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ബോയിങ് 737 800 വിമാനമായിരിക്കും കണ്ണൂര്‍ ദോഹ സര്‍വീസിനു വേണ്ടി ഉപയോഗിക്കുക. എയര്‍ഇന്ത്യയ്ക്കു പിന്നാലെ സ്വകാര്യ എയര്‍ലൈനുകളും കണ്ണൂര്‍ ദോഹ റൂട്ടില്‍ സര്‍വീസ് ആരംഭിച്ചേക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.