
മസ്‌കത്ത്: എയര്‍ ഇന്ത്യ എക്‌സ്പ്രസ് കണ്ണൂര്‍- മസ്‌കത്ത് സര്‍വിസ് ഏപ്രിലില്‍ ആരംഭിക്കും. തുടക്കത്തില്‍ ആഴ്ചയില്‍ മൂന്ന് സര്‍വിസുകള്‍ മാത്രമാണുണ്ടാവുക. ഇതോടെ സ്വന്തം നാട്ടില്‍ നേരിട്ട് വിമാനമിറങ്ങുകയെന്ന ഒമാനിലെ കണ്ണൂരുകാരുടെ സ്വപ്നം പൂവണിയും. ഒമാനില്‍നിന്ന് കേരളത്തിലേക്കുള്ള സര്‍വിസുകള്‍ വര്‍ധിപ്പിക്കും. ആഴ്ചയില്‍ മൊത്തം സര്‍വിസുകളുടെ എണ്ണം 26 ആക്കി ഉയര്‍ത്തും.
കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് മസ്‌കത്തിലേക്ക് നേരിട്ട് സര്‍വിസ് ആരംഭിക്കണമെന്നാവശ്യപ്പെട്ട് പി.എ.വി. അബൂബക്കര്‍ കേന്ദ്ര വ്യോമയാനമന്ത്രി, കേരള മുഖ്യമന്ത്രി, എയര്‍ ഇന്ത്യ അധികൃതര്‍, കിയാല്‍ അധികൃതര്‍, എയര്‍ ഇന്ത്യ ഒമാന്‍ മേധാവി തുടങ്ങിയവര്‍ക്ക് നിവേദനം നല്‍കിയിരുന്നു. കണ്ണൂര്‍-മസ്‌കത്ത് സര്‍വിസ് അനന്തമായി വൈകിപ്പിക്കുന്നത് പ്രതിഷേധാര്‍ഹവും നീതീകരിക്കാനാവാത്തതുമാണെന്ന് അദ്ദേഹം നിവേദനത്തില്‍ പറഞ്ഞിരുന്നു. ഈ നിവേദനത്തിനുള്ള മറുപടിയിലാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് അധികൃതര്‍ സര്‍വിസ് തുടങ്ങുന്ന സമയം അറിയിച്ചത്.
ഒമാനില്‍നിന്ന് സലാംഎയറും ഒമാന്‍ എയറും കണ്ണൂരിലേക്ക് സര്‍വിസ് നടത്താന്‍ ആഗ്രഹിക്കുന്നുണ്ടെങ്കിലും എയര്‍ ഇന്ത്യ സര്‍വിസുകള്‍ വൈകുന്നതിനാല്‍ ഇവയും വൈകാനാണ് സാധ്യത.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.