
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ലോക്ക്ഡൗണ്‍ മെയ് 3 വരെ നീട്ടുകയും എല്ലാ വാണിജ്യ പാസഞ്ചര്‍ സര്‍വീസുകളും താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയും ചെയ്തതോടെ ആഭ്യന്തര വിമാനക്കമ്പനികള്‍ റദ്ദാക്കുന്ന ഫ്‌ലൈറ്റ് ടിക്കറ്റുകള്‍ക്ക് ഉപഭോക്താക്കള്‍ക്ക് പണം തിരികെ നല്‍കേണ്ടതില്ലെന്ന് തീരുമാനിച്ചു. പകരം ടിക്കറ്റ് അധിക ഫീസില്ലാതെ മറ്റൊരു ദിവസത്തേയ്ക്ക് വാഗ്ദാനം ചെയ്യാനാണ് കമ്പനിയുടെ തീരുമാനം.
വിമാന സര്‍വ്വീസുകള്‍ മെയ് 3ന് ശേഷം: കൊറോണ വൈറസ് പകര്‍ച്ചവ്യാധി തടയുന്നതിനായി മാര്‍ച്ച് 25 മുതല്‍ ഇന്ത്യ 21 ദിവസത്തെ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരുന്നു. തല്‍ഫലമായി, എല്ലാ ആഭ്യന്തര, അന്തര്‍ദ്ദേശീയ വാണിജ്യ യാത്രാ വിമാനങ്ങളും ഈ കാലയളവില്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു. ഏപ്രില്‍ 14 ന് ശേഷമുള്ള കാലയളവില്‍ ആഭ്യന്തര വിമാന സര്‍വീസുകള്‍ക്കായി ദേശീയ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യ ഒഴികെയുള്ള മിക്ക വിമാനക്കമ്പനികളും ബുക്കിംഗ് ആരംഭിച്ചിരുന്നു. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മെയ് മൂന്ന് വരെ ലോക്ക്ഡൗണ്‍ നീട്ടുന്നതായി പ്രഖ്യാപിച്ചതിന് ശേഷം, ഏവിയേഷന്‍ റെഗുലേറ്റര്‍ ഡിജിസിഎ പുതിയ സര്‍ക്കുലര്‍ പുറപ്പെടുവിച്ചു.
സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിന്റെ ഉത്തരവിനെത്തുടര്‍ന്ന് എല്ലാ വിമാനക്കമ്പനികളും പ്രവര്‍ത്തനങ്ങള്‍ 2020 മെയ് 3 വരെ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുന്നുവെന്നാണ് ഡിജിസിഎ സര്‍ക്കുലറില്‍ വ്യക്തമാക്കിയിരിക്കുന്നത്. ഈ ദിവസങ്ങളിലെ ബുക്കിംഗ് 2020 ഡിസംബര്‍ 31 വരെ മറ്റൊരു തീയതിയിലേക്ക് ഉപഭോക്താക്കള്‍ക്ക് സൗജന്യമായി ഷെഡ്യൂള്‍ ചെയ്യാമെന്ന് വിസ്താര വക്താവ് പ്രസ്താവനയില്‍ പറഞ്ഞു. റീ ബുക്കിംഗ് സമയത്ത് നിരക്ക് വ്യത്യാസമുണ്ടെങ്കില്‍ അത് നല്‍കേണ്ടിവരുമെന്ന് എയര്‍ലൈന്‍ അറിയിച്ചു.
ഗോ എയര്‍: ഒരു വര്‍ഷത്തേക്ക് നിലവിലുള്ള ബുക്കിംഗുകള്‍ പരിരക്ഷിക്കുന്നതിനൊപ്പം പിന്നീടുള്ള തീയതിയില്‍ പുനക്രമീകരണം സൗജന്യമായി നല്‍കാനുള്ള മുന്‍ പദ്ധതി എയര്‍ലൈന്‍ അവലോകനം ചെയ്യുമെന്ന് ഗോ എയര്‍ വക്താവ് പറഞ്ഞു. പ്രൊട്ടക്റ്റ് യുവര്‍ പിഎന്‍ആര്‍’ പദ്ധതി 2020 ഏപ്രില്‍ 30 വരെ നീട്ടുന്നതായി എയര്‍ലൈന്‍ തിങ്കളാഴ്ച അറിയിച്ചിരുന്നു.
ഇന്‍ഡിഗോ, സ്‌പൈസ് ജെറ്റ്: മെയ് 3 വരെ എല്ലാ ഫ്‌ലൈറ്റുകളും റദ്ദാക്കുമെന്ന് അറിയിച്ച ഇന്‍ഡിഗോ, റിസര്‍വേഷനുകള്‍ റദ്ദാക്കുന്ന പ്രക്രിയയിലാണ്. ഉപഭോക്താക്കളുടെ ടിക്കറ്റ് തുക പിഎന്‍ആറിലെ ക്രെഡിറ്റ് ഷെല്ലിന്റെ രൂപത്തില്‍ പരിരക്ഷിച്ചിരിക്കും. ഇത് ഇഷ്യു ചെയ്ത് ഒരു വര്‍ഷത്തിനുള്ളില്‍ ഉപയോഗിക്കാന്‍ കഴിയും. റദ്ദാക്കിയ ടിക്കറ്റില്‍ നിന്നുള്ള തുക ക്രെഡിറ്റ് ഷെല്ലില്‍ സൂക്ഷിക്കുമെന്ന് സ്പൈസ് ജെറ്റും അറിയിച്ചു. ക്രെഡിറ്റ് ഷെല്ലില്‍ സൂക്ഷിക്കുന്ന പണം പുതിയ ബുക്കിംഗിനും 2021 ഫെബ്രുവരി 28 വരെ അതേ യാത്രക്കാര്‍ക്കും ഉപയോഗിക്കാമെന്ന് സ്പൈസ് ജെറ്റ് വ്യക്തമാക്കി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.