
ദോഹ: അജ്യാല്‍ ചലച്ചിത്രോല്‍സവത്തിന് കത്താറ കള്‍ച്ചറല്‍ വില്ലേജില്‍ 28 ന് തുടക്കമാവും. 36 രാജ്യങ്ങളില്‍ നിന്നായി 81 ചലച്ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ഇതില്‍ 14 എണ്ണം ദോഹ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ (ഡിഎഫ്ഐ) സാമ്പത്തിക സഹായത്തോടു കൂടിയുള്ള ചിത്രങ്ങളാണ്. ഡിസംബര്‍ മൂന്നു വരെയാണ് അജ്യാല്‍ ചലച്ചിത്രോല്‍സവം. ചലച്ചിത്രോല്‍സവത്തിനുള്ള ടിക്കറ്റുകള്‍ ലഗൂണ മാളിലും, ദോഹ ഫെസ്റ്റിവല്‍ സിറ്റിയിലുമുള്ള എഫ്എന്‍എസി സ്റ്റോറുകളിലും ലഭ്യമാകും. www.dohafilminstitute.com/destival എന്ന വെബ്സൈറ്റില്‍ നിന്ന് ഓണ്‍ലൈനായും ടിക്കറ്റുകള്‍ വാങ്ങാം.
ദ് പേളിലെ നോവോ സിനിമാസിലാണു പൊതുജനങ്ങള്‍ക്കായുള്ള പ്രദര്‍ശനം. മൊത്തം 23 ഫീച്ചര്‍ ചലച്ചിത്രങ്ങളും, 58 ഹ്രസ്വ ചിത്രങ്ങളുമാണു ചലച്ചിത്രോല്‍സവത്തിലുള്ളത്. ഇതില്‍ 24 എണ്ണം അറബ് രാജ്യങ്ങളില്‍ നിന്നുള്ളതാണ്. 44 എണ്ണം വനിതാ സംവിധായകരുടേതാണ്. ഖത്തര്‍- റഷ്യ സാംസ്‌കാരിക വര്‍ഷത്തിന്റെ ഭാഗമായി ഇത്തവണത്തെ ചലച്ചിത്രോല്‍സവത്തില്‍ മെയ്ഡ് ഇന്‍ ഖത്തര്‍ വിഭാഗവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. 25 രാജ്യാന്തര ജൂറി അംഗങ്ങളുള്‍പ്പെടെ 55 രാജ്യങ്ങളില്‍ നിന്നുള്ള 550ലേറെ ജൂറി അംഗങ്ങളാണ് ഇത്തവണ ചിത്രങ്ങള്‍ വിലയിരുത്തുക
ലോകകപ്പ് ഫുട്ബോള്‍ റഷ്യയില്‍നിന്നു ഖത്തറിലെത്തിയ വര്‍ഷത്തില്‍ ഫുട്ബോളിനെ ആസ്പദമാക്കിയുള്ള ചിത്രത്തോടെയാണ് അജ്യാല്‍ ചലച്ചിത്രോല്‍സവം ആരംഭിക്കുക. ഒട്ടേറെ പുരസ്‌കാരങ്ങള്‍ നേടിയ നദിനെ ലബക്കിയുടെ ക്യാഫഹ്നൗം, കരിം ഐനോസിന്റെ സെന്‍ട്രല്‍ എയര്‍പോര്‍ട്ട് ടിഎച്ച്എഫ്, ഡെറിക് ഡൊനീനിന്റെ ദ് പ്രൈസ് ഓഫ് ഫ്രീ, മാമോരു ഹൊസാദയുടെ മിറായ് തുടങ്ങിയ ശ്രദ്ധേയ ചലച്ചിത്രങ്ങള്‍ ഇത്തവണ മേളയ്ക്കുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.