ദോഹ: ഖത്തറിന്റെ ഇഹ്തിറാസ് കോവിഡ് ആപ്ലിക്കേഷന്റെ പേരില്‍ വരുന്ന വ്യാജ ഫോണ്‍ കോളുകള്‍ക്കെതിരെ ജാഗ്രത പാലിക്കാന്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ഇത്തരത്തില്‍ വിളിക്കുന്നവര്‍ക്ക് വ്യക്തിഗത വിവരങ്ങള്‍ കൈമാറരുതെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. കോവിഡ് ജാഗ്രത ആപ്പായ ഇഹ്തിറാസിന്റെ പേരില്‍ പലര്‍ക്കും ഫോണ്‍ കോളുകള്‍ ലഭിക്കുന്ന സാഹചര്യത്തിലാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ മുന്നറിയിപ്പ്.
ആരോഗ്യ മന്ത്രാലയത്തില്‍ നിന്നുള്ള ഉദ്യോഗസ്ഥരെന്ന നിലയില്‍ വിളിക്കുകയും ഐ.ഡി നമ്പര്‍ പാസ്‌പോര്‍ട്ട് നമ്പര്‍ ഉള്‍പ്പെടെയുള്ള വ്യക്തിഗത വിവരങ്ങള്‍ ആവശ്യപ്പെടുകയാണ് ചെയ്യുന്നത്. എന്നാല്‍ ഇഹ്തിറാസ് ആപ്പിന്റെ പേരില്‍ ഇങ്ങനെ വിവര ശേഖരണം നടത്താന്‍ ആരെയും ഏല്‍പ്പിച്ചിട്ടില്ലെന്നും വ്യാജ ഫോണ്‍ കോളുകള്‍ക്കെതിരെ കരുതിയിരിക്കണമെന്നും ആരോഗ്യമന്ത്രാലയം ആവശ്യപ്പെട്ടു.
ആപ്ലിക്കേഷനുമായി ബന്ധപ്പെട്ട് പൗരന്മാരും വിദേശികളും നേരത്തെ സര്‍ക്കാറിന് നല്‍കിയ മുഴുവന്‍ വിവരങ്ങളും ഡാറ്റയും പൂര്‍ണമായും സുരക്ഷിതവും രഹസ്യമായി തന്നെ സൂക്ഷിക്കുന്നതുമാണെന്നും മന്ത്രാലയം അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.