
ദോഹ: ലുസെയ്ല്‍ എക്സ്പ്രസ്വേയിലെ അല്‍ ഗസ്സാര്‍ ഇന്റര്‍ചെയ്ഞ്ചില്‍ 750 മീ. നീളമുള്ള തുരങ്കപ്പാത അഷ്ഗാല്‍ തുറന്നു കൊടുത്തു. ലുസെയ്ല്‍, പേള്‍ ഖത്തര്‍ എന്നിവിടങ്ങളില്‍ നിന്നു കത്താറ കള്‍ച്ചറല്‍ വില്ലേജിലേക്കും, സമീപത്തെ ഹോട്ടലുകളിലേക്കും സുഗമമായ ഗതാഗതം ഉറപ്പു വരുത്തുന്നതാണു പുതിയ തുരങ്കപ്പാത. ലുസെയ്ല്‍ എക്സ്പ്രസ്വേയെ അല്‍ ഖഫ്ജി സ്ട്രീറ്റ് എക്സ്റ്റന്‍ഷനുമായി തുരങ്കപ്പാത നേരിട്ടു ബന്ധിപ്പിക്കും. 2017 ഡിസംബറിലാണു ലുസെയ്ല്‍ എക്സ്പ്രസ്വേ തുറന്നത്. നേരത്തേയുണ്ടായിരുന്ന റോഡിനെക്കാള്‍ യാത്രാ സമയം 70% വരെ കുറയ്ക്കാന്‍ ലുസെയ്ല്‍ എക്സ്പ്രസ്വേയിലൂടെ സാധിച്ചു.
നേരത്തേയുണ്ടായിരുന്ന റോഡ് മണിക്കൂറില്‍ 3500 വാഹനങ്ങളെയാണ് ഉള്‍ക്കൊണ്ടിരുന്നതെങ്കില്‍ ഇപ്പോഴത് മണിക്കൂറില്‍ 8000 വാഹനങ്ങളായി ഉയര്‍ന്നു. അഞ്ച് റൗണ്ടെബൗട്ടുകള്‍ ഉണ്ടായിരുന്നത് മൂന്നു ബഹുതല ഇന്റര്ചെയ്ഞ്ചുകളായും മാറി. നാലു തലങ്ങളിലായി നിര്‍മാണം പൂര്‍ത്തിയാവുന്ന അല്‍ ഗസ്സാര്‍ ഇന്റര്‍ചെയ്ഞ്ചിന്റെ ഭാഗമാണു പുതിയ തുരങ്കപ്പാത.
അഷ്ഗാല്‍ നടപ്പാക്കുന്ന പ്രധാനപ്പെട്ട എക്സ്പ്രസ്വേ പദ്ധതികളിലൊന്നാണു ലുസെയ്ല്‍ എക്സ്പ്രസ്വേ. ദോഹയെ ലുസെയ്ല്‍ നഗരവുമായി ബന്ധിപ്പിക്കുന്ന ഈ പാതയുടെ സമീപത്തായി പേള്‍, കത്താറ, നയതന്ത്രമേഖല, താമസ മേഖലകള്‍, മാളുകള്‍, ഹോട്ടലുകള്‍ എന്നിവയെല്ലാമുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.