
മസ്‌കത്ത്: പുതിയ ഭക്ഷ്യസുരക്ഷ നിയമ ഭേദഗതി പ്രകാരം ഭക്ഷണശാലകളില്‍ സി.സി.ടി.വി നിര്‍ബന്ധമാണെന്ന് മസ്‌കത്ത് നഗരസഭ. നിയമം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായുള്ള പരിശോധനകള്‍ വൈകാതെ ആരംഭിക്കുമെന്നും നഗരസഭ വക്താവ് അറിയിച്ചു. സ്ഥാപനത്തിന് അകത്ത് ഭക്ഷണം തയാറാക്കുമ്പോഴും മറ്റുമുള്ള നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ പുതിയ സംവിധാനം സഹായകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പരിശോധനയില്‍ സി.സി.ടി.വി പ്രവര്‍ത്തിക്കുന്നില്ലെന്നോ ശരിയായ രീതിയിലല്ല പ്രവര്‍ത്തിക്കുന്നതെന്നോ കണ്ടെത്തിയാല്‍ പിഴ ഈടാക്കാന്‍ നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്. ആയിരം റിയാല്‍ മുതല്‍ മൂവായിരം റിയാല്‍ വരെയായിരിക്കും പിഴ ചുമത്തുക. പരിശോധനക്ക് പ്രത്യേക സംഘത്തെ നിയോഗിക്കും.
ഇവര്‍ ഭക്ഷണശാലകളില്‍ മുന്നറിയിപ്പില്ലാതെ പരിശോധന നടത്തുമെന്നും നഗരസഭ വക്താവ് പറഞ്ഞു. കഫേകള്‍, ഫാസ്റ്റ് ഫുഡ് റസ്റ്റാറന്റുകള്‍, ബേക്കറി, പബ്ലിക് കിച്ചന്‍, ഭക്ഷ്യ സംസ്‌കരണ പ്ലാന്റുകള്‍, മില്‍, അറവുശാലകള്‍, ഷോപ്പിങ് മാളുകള്‍ എന്നിവക്ക് പുറമെ ഭക്ഷ്യ ശേഖരണ സംവിധാനങ്ങള്‍ക്കും പുതിയ ഭക്ഷ്യസുരക്ഷ നിയമം ബാധകമായിരിക്കും. ലൈസന്‍സില്ലാതെ ഭക്ഷണ സാധനങ്ങള്‍ നിര്‍മിച്ച് വില്‍പന നടത്തല്‍, മനുഷ്യോപയോഗത്തിന് യോജിക്കാത്ത ഭക്ഷണ സാധനങ്ങള്‍ തുടങ്ങിയ കുറ്റങ്ങള്‍ക്ക് വിവിധ വിഭാഗങ്ങളിലായി നൂറ് റിയാല്‍ മുതല്‍ അയ്യായിരം റിയാല്‍ വരെ അഡ്മിനിസ്‌ട്രേറ്റിവ് പിഴയായി ഈടാക്കാന്‍ ഭക്ഷ്യ സുരക്ഷ ഭേദഗതി വ്യവസ്ഥ ചെയ്യുന്നുണ്ട്.
ഭക്ഷ്യസുരക്ഷ നിയമപ്രകാരമുള്ള ശിക്ഷക്ക് പുറമെയായിരിക്കും പുതിയ പിഴ ചുമത്തുക. ആദ്യ നിയമലംഘനം കഴിഞ്ഞ് രണ്ട് വര്‍ഷത്തിനുള്ളില്‍ അതേ കുറ്റം വീണ്ടും ചെയ്യുന്ന പക്ഷം പിഴ സംഖ്യ ഇരട്ടിയാകും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.