
ദോഹ: അതിക്രമങ്ങളുണ്ടാകുമ്പോള്‍ കുട്ടികള്‍ക്ക് സഹായത്തിനായി വിളിക്കാവുന്ന സംവിധാനമുള്ള ആപ്ലിക്കേഷന്‍ പുറത്തിറക്കി. പ്രൊട്ടക്ഷന്‍ ആന്‍ഡ് സോഷ്യല്‍ റിഹാബിലിറ്റേഷന്‍ സെന്റര്‍ (അമന്‍) ആണ് രാജ്യാന്തര ചൈല്‍ഡ് ഹെല്‍പ്ലൈന്‍ ദിനത്തോട് അനുബന്ധിച്ച് ആപ്ലിക്കേഷന്‍ പുറത്തിറക്കിയത്. എല്ലാവര്‍ഷവും മേയ് 17 ആണ് രാജ്യാന്തര ചൈല്‍ഡ് ഹെല്‍പ്ലൈന്‍ ദിനമായി ആഘോഷിക്കുന്നത്.
മൊബൈല്‍ ഫോണിലും മറ്റു സ്മാര്‍ട് ഉപകരണങ്ങളിലും ഡൗണ്‍ലോഡ് ചെയ്യാവുന്ന രീതിയിലാണ് ആപ്ലിക്കേഷന്‍. തങ്ങള്‍ക്കെതിരെ ഏതെങ്കിലും തരത്തിലുള്ള അതിക്രമങ്ങളുണ്ടായാല്‍ ഈ ആപ്ലിക്കേഷന്‍ മുഖേന അറിയിക്കാന്‍ കുട്ടികള്‍ക്കു സാധിക്കും. സന്ദേശം എഴുതി അറിയിക്കുകയോ റെക്കോര്‍ഡ് ചെയ്ത ശബ്ദ സന്ദേശം മുഖേന അറിയിക്കുകയോ ചെയ്യാം. അതിക്രമത്തിന്റെ ചിത്രങ്ങള്‍ പകര്‍ത്താന്‍ കഴിഞ്ഞിട്ടുണ്ടെങ്കില്‍ അതും ഈ ആപ്ലിക്കേഷന്‍ മുഖേന നല്‍കാന്‍ സാധിക്കും.
കുട്ടികളുടെ അവകാശ സംരക്ഷണം മുന്‍നിര്‍ത്തി ഖത്തര്‍ നടപ്പാക്കുന്ന നിയമങ്ങളുടെയും മാര്‍ഗനിര്‍ദേശങ്ങളുടെയും അടിസ്ഥാനത്തിലുള്ളതാണു പുതിയ ആപ്ലിക്കേഷനെന്ന് ഖത്തര്‍ ഫൗണ്ടേഷന്‍ ഫോര്‍ സോഷ്യല്‍ വര്‍ക്ക് (ക്യുഎഫ്എസ്ഡബ്ല്യു) അമാല്‍ അല്‍ മന്നായ് പറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.