Currency

സ്വതന്ത്ര മാധ്യമ മേഖലയ്ക്ക് ഖത്തറില്‍ അംഗീകാരം

സ്വന്തം ലേഖകന്‍Saturday, June 1, 2019 1:52 pm

ദോഹ: രാജ്യാന്തര മാധ്യമസ്ഥാപനങ്ങളെ ഖത്തറിലേക്ക് ആകര്‍ഷിക്കാന്‍ സ്വതന്ത്ര മാധ്യമ മേഖല(മീഡിയ സിറ്റി) രൂപീകരിക്കാനുള്ള നിയമത്തിന് അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി അംഗീകാരം നല്‍കി. 2019ലെ 13ാം നമ്പര്‍ നിയമം എന്നാണ് ഇത് അറിയപ്പെടുക. അച്ചടി, ദൃശ്യ, ശ്രവ്യ, ഓണ്‍ലൈന്‍, ഡിജിറ്റല്‍ മാധ്യമങ്ങളെല്ലാം ഉള്‍പ്പെടുന്നതാണ് മാധ്യമ നഗരം. ആഭ്യന്തര, പ്രാദേശിക, മേഖലാ സ്ഥാപനങ്ങള്‍ക്കു പുറമേ രാജ്യാന്തര മാധ്യമങ്ങളും ഇവിടെയുണ്ടാകും.

പ്രവര്‍ത്തന മേല്‍നോട്ടം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് മന്ത്രിതല സമിതിയാണ് നേതൃത്വം നല്‍കുകയെന്നും നിയമം വ്യക്തമാക്കുന്നു. ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധപ്പെടുത്തുന്ന തീയതി മുതല്‍ നിയമം പ്രാബല്യത്തിലാകും. സാങ്കേതിക സംരംഭങ്ങള്‍, പരിശീലന സ്ഥാപനങ്ങള്‍, ചലച്ചിത്ര-ടെലിവിഷന്‍ നിര്‍മാണ കമ്പനികള്‍ എന്നിവയ്ക്കും മീഡിയ സിറ്റിയില്‍ ഇടമുണ്ടാകും.

മാധ്യമ മേഖലയിലേക്ക് കൂടുതല്‍ വിദേശ മൂലധനം എത്തിക്കുക, ഖത്തറിലെ അതിദ്രുത വികസനം രാജ്യാന്തരശ്രദ്ധയില്‍ എത്തിക്കുക തുടങ്ങിയ ലക്ഷ്യങ്ങള്‍ കൂടി മുന്‍നിര്‍ത്തിയാണ് മീഡിയ സിറ്റി രൂപീകരിക്കുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x