
ദോഹ: ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്റെ (എച്ച്.എം.സി.) പ്രമേഹ പരിശോധനാകേന്ദ്രങ്ങളിലെ രോഗികളുടെ എണ്ണത്തില്‍ വര്‍ധന. കഴിഞ്ഞ മൂന്ന് വര്‍ഷമായി രോഗികളുടെ എണ്ണത്തില്‍ ഗണ്യമായവര്‍ധനയുണ്ടെന്ന് എച്ച്.എം.സി. അധികൃതര്‍ വ്യക്തമാക്കി. പ്രമേഹ രോഗത്തെക്കുറിച്ചും ചികിത്സയെക്കുറിച്ചുമുള്ള ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയതാണ് രോഗികളുടെ എണ്ണം വര്‍ധിക്കാന്‍ കാരണം. പ്രമേഹം നേരത്തെ തിരിച്ചറിയുന്നതിലൂടെയും ശരിയായചികിത്സ നടത്തുന്നതിലൂടെയും ആരോഗ്യകരമായജീവിതം നയിക്കാമെന്ന ശക്തമായബോധവത്കരണവും പരിശോധനാ കാമ്പയിനുകളുമാണ് എച്ച്.എം.സി. ഏതാനും വര്‍ഷങ്ങളായി നടത്തുന്നത്.
ഹമദ് ജനറല്‍ ആസ്പത്രിയിലെ ദേശീയ പ്രമേഹപരിശോധനാ കേന്ദ്രത്തിലെത്തുന്ന രോഗികളുടെ എണ്ണത്തില്‍ കഴിഞ്ഞ വര്‍ഷം ഗണ്യമായവര്‍ധനയുണ്ട്. കേന്ദ്രം പ്രവര്‍ത്തനം തുടങ്ങിയ 2013 മുതല്‍ 2016 വരെയുള്ള കാലയളവില്‍ രോഗികളുടെ എണ്ണം ഇരട്ടിയായതായി എച്ച്.എം.സി. ഇന്റേണല്‍ മെഡിസിന്‍ ചെയര്‍മാന്‍ പ്രൊഫ. അബ്ദുല്‍ ബാദി അബു സമ്ര പറഞ്ഞു.
അന്താരാഷ്ട്ര ഡയബറ്റിക് ഫെഡറേഷന്റെ കണക്കുപ്രകാരം 2013ല്‍ ഖത്തറില്‍ 2,82,530 പേരാണ് പ്രമേഹബാധിതര്‍. 1990 മുതല്‍ ഖത്തറിലെ പ്രമേഹരോഗികളുടെ എണ്ണം വര്‍ധിക്കുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. കുട്ടികളിലും പ്രമേഹബാധിതരുണ്ട്. ഖത്തര്‍ ജനസംഖ്യയില്‍ 16 ശതമാനമാണ് പ്രമേഹബാധിതര്‍. പ്രവാസികള്‍ക്കും പൗരന്മാര്‍ക്കുമിടയില്‍ പുതിയ പ്രമേഹസര്‍വേ ഈ വര്‍ഷം ആരംഭിക്കുമെന്ന് നേരത്തെ അധികൃതര്‍ പ്രഖ്യാപിച്ചിരുന്നു. അമിതവണ്ണവും പ്രമേഹവും തമ്മില്‍ അടുത്തബന്ധമുണ്ട്. രാജ്യത്തെ ഏകദേശം 45 ശതമാനം ജനങ്ങളും 55 ശതമാനത്തോളം പ്രമേഹരോഗികളും അമിതവണ്ണമുള്ളവരാണെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.