
ന്യൂഡല്‍ഹി: രാജ്യത്ത് പാസ്‌പോര്‍ട്ടുമായി ബന്ധപ്പെട്ട സേവനങ്ങള്‍ പോസ്‌റ്റോഫീസുകളിലൂടെ നല്‍കുന്നതിനുള്ള പദ്ധതി വ്യാപിപ്പിക്കാന്‍ വിദേശകാര്യ മന്ത്രാലയം തീരുമാനിച്ചു. പദ്ധതിയുടെ നടത്തിപ്പിനായി രാജ്യത്തെമ്പാടും 56 പോസ്‌റ്റോഫീസുകളില്‍ സൗകര്യമൊരുക്കുമെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
നേരത്തെ പരീക്ഷണാടിസ്ഥാനത്തില്‍ വിദേശകാര്യ മന്ത്രാലയം തപാല്‍ വകുപ്പുമായി ചേര്‍ന്ന് പാസ്‌പോര്‍ട്ടുമായി ബന്ധപ്പെട്ട സേവനങ്ങള്‍ ലഭ്യമാക്കാന്‍ പദ്ധതി തയ്യാറാക്കുകയും രണ്ട് ഹെഡ് പോസ്‌റ്റോഫീസുകളില്‍ ഇത് നടപ്പാക്കുകയും ചെയ്തിരുന്നു. അതിനുശേഷമാണ് ഇപ്പോള്‍ കൂടുതല്‍ സ്ഥലങ്ങളിലേയ്ക്കുകൂടി പദ്ധതി വ്യാപിപ്പിക്കുന്നത്.
കേരളത്തില്‍ പത്തനംതിട്ട, കാസര്‍കോട് എന്നിവിടങ്ങളിലെ പോസ്‌റ്റോഫീസുക ളിലായിരിക്കും ആദ്യഘട്ടത്തില്‍ പാസ്‌പോര്‍ട്ട് സേവനങ്ങള്‍ ലഭ്യമാകുന്നത്. കേരളത്തിനു പുറമെ കര്‍ണാടകം, തമിഴ്‌നാട്, ലക്ഷദ്വീപ് എന്നിവിടങ്ങളിലടക്കം ഇന്ത്യയിലെ മിക്കവാറും സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുത്ത പോസ്‌റ്റോഫീസുകളില്‍ പുതിയ സേവനം ലഭ്യമാകും.
പദ്ധതി പ്രവര്‍ത്തന സജ്ജമായാല്‍, ഓണ്‍ലൈനില്‍ അപേക്ഷ സമര്‍പ്പിക്കുന്നവര്‍ക്ക് ഈ ‘പോസ്‌റ്റോഫീസ് പാസ്‌പോര്‍ട്ട് സേവാകേന്ദ്ര’ങ്ങളിലെത്തി ബാക്കി നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.