Currency

ഖത്തറിലെ ദുഹെയ്ല്‍ അല്‍ ഗരാഫ പാലം തുറന്നു

സ്വന്തം ലേഖകന്‍Sunday, August 16, 2020 4:22 pm

ദോഹ: വാഹന ഗതാഗതം സുഗമമാക്കി ഖത്തറിലെ ദുഹെയ്ല്‍ അല്‍ ഗരാഫ പാലം പൊതുമരാമത്ത് വകുപ്പ് (അഷ്ഗാല്‍) ഗതാഗതത്തിനായി തുറന്നു. ദുഹെയ്ല്‍ ഇന്റര്‍ചേഞ്ചിലെ ഗതാഗത സിഗ്നലുകളുടെ ഭാഗങ്ങളും തുറന്നിട്ടുണ്ട്. 400 മീറ്റര്‍ നീളത്തില്‍ 3 വരികളിലായുള്ള ഇരട്ട കാര്യേജ് വേ പാലത്തിന് മണിക്കൂറില്‍ ഇരു വശങ്ങളിലേക്കും 12,000 വാഹനങ്ങളെ ഉള്‍ക്കൊള്ളാനുള്ള ശേഷിയുണ്ട്.

വെസ്റ്റ് ബേ, അല്‍ മര്‍ഖിയ, മദീനത്ത് ഖലീഫ, ദുഹെയ്ലില്‍ നിന്ന് ഗരാഫത്ത് അല്‍ റയ്യാന്‍, അല്‍ ഗരാഫ, അല്‍ റയ്യാന്‍ പ്രദേശങ്ങള്‍ക്കിടയിലെ യാത്രാ സമയം 95 ശതമാനം കുറയ്ക്കാന്‍ പാലത്തിന് കഴിയും. നോര്‍ത്ത് പാലത്തിന് താഴെയുള്ള ഗതാഗത സിഗ്നലുകളുടെ ഭാഗവും തുറന്നതോടെ ഷമാലില്‍ നിന്ന് നേരിട്ട് ദുഹെയ്ല്‍, വെസ്റ്റ് ബേ എന്നിവിടങ്ങളിലേക്ക് അല്‍ ഖഫാജി സ്ട്രീറ്റിലൂടെ വരാനും തിരിച്ചുമുള്ള യാത്ര എളുപ്പമായി. അല്‍ ഗരാഫയില്‍ നിന്നുള്ളവര്‍ക്ക് നോര്‍ത്ത് റോഡിലേക്ക് എത്താനും തിരിച്ചുമുള്ള സഞ്ചാരവും സാധ്യമായി.

അതേസമയം അല്‍ ഗരാഫ, അല്‍ ഖഫാജി സ്ട്രീറ്റുകളിലേയും ഷമാല്‍ റോഡിലേയും യാത്രക്കാര്‍ക്ക് എല്ലാ സ്ട്രീറ്റുകളിലേയും യു ടേണ്‍ എക്സിറ്റുകള്‍ തുറന്ന ശേഷമേ യു-ടേണ്‍ സാധ്യമാകൂ. ഷമാല്‍ റോഡിലെ ദോഹ നഗരത്തിന്റെ വടക്കന്‍ പ്രവേശന കവാടത്തിലാണ് ദുഹെയല്‍ ഇന്റര്‍ചേഞ്ച് എന്നതിനാല്‍ ഈ മേഖലയിലെ സ്‌കൂളുകള്‍, ഖത്തര്‍ സര്‍വകലാശാല, നോര്‍ത്ത് അറ്റ്ലാന്റിക് കോളജ്, എജ്യൂക്കേഷന്‍ സിറ്റി തുടങ്ങി ഒട്ടേറെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും വാണിജ്യ കേന്ദ്രങ്ങളിലേക്കുമുള്ള ഗതാഗതം എളുപ്പമാകും.

ദുഹെയ്ല്‍ ഇന്റര്‍ചേഞ്ചിന്റെ 75 ശതമാനം ജോലികളും പൂര്‍ത്തിയായി കഴിഞ്ഞു. 2021 അവസാനത്തോടെ പദ്ധതി പൂര്‍ത്തിയാകും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x