
ദോഹ: അബു ഹമൂറിലെ പച്ചക്കറി മൊത്തച്ചന്ത റോഡുവികസന പദ്ധതിയുടെ ഭാഗമായി 4 റൗണ്ട്എബൗട്ടുകള്‍ സിഗ്നല്‍ നിയന്ത്രിതഇന്റര്സെക്ഷനുകളാക്കി. ഹോള്‍സെയില്‍ മാര്‍ക്കറ്റ്, അല്‍ മഷാതില്, അബു ഹമൂര്‍ സ്ട്രീറ്റിനെയും അല്‍ സിദര്‍ സ്ട്രീറ്റിനെയും ബന്ധിപ്പിക്കുന്ന വാദി അല്‍ ഗദീരിയത് ഇന്റര്‍സെക്ഷനുകളാണ് അഷ്ഗാല്‍ ഇന്നലെ ഗതാഗതത്തിനു തുറന്നു നല്‍കിയത്.
പച്ചക്കറിച്ചന്തയിലും സമീപ പ്രദേശങ്ങളിലും അനുഭവപ്പെട്ടിരുന്ന രൂക്ഷമായ ഗതാഗതക്കുരുക്കിന് ഇതോടെ പരിഹാരമായതായി അഷ്ഗാല്‍ പ്രോജക്ട് മാനേജര്‍ അബ്ദുല്ല അല്‍ നുഐമി പറഞ്ഞു. ഇന്റര്‍സെക്ഷനുകള്‍ തുറന്നതിനൊപ്പം ഹോള്‍സെയില്‍ മാര്‍ക്കറ്റ് റോഡില്‍ വരികളും കൂട്ടി. കൂടുതല്‍ സര്‍വീസ് റോഡുകളും നിര്‍മിച്ചിട്ടുണ്ട്.
മേഖലയുടെ സാമ്പത്തിക പ്രാധാന്യം കണക്കിലെടുത്താണു വികസന പദ്ധതി നടപ്പാക്കിയതെന്നും അല്‍ നുഐമി അറിയിച്ചു. സല്‍വ റോഡ്, അല്‍ വാബ് സ്ട്രീറ്റ്, മിസൈമീര്‍ സ്ട്രീറ്റ്, ഹലൂല്‍ സ്ട്രീറ്റ് എന്നിവിടങ്ങളിലേക്കുള്ള യാത്രയും സുഗമമാകും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.