Currency

എ റിങ് റോഡ് ഇനി എട്ടുവരി; അഞ്ചു ഘട്ടങ്ങളിലായി വികസന ജോലികള്‍

സ്വന്തം ലേഖകന്‍Thursday, August 2, 2018 6:38 pm

ദോഹ: ദോഹയിലെ ഗതാഗത സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിന് എ-റിങ് റോഡ് എട്ടുവരിയാക്കി വികസിപ്പിക്കാന്‍ അഷ്ഗാല്‍ തീരുമാനിച്ചു. ഇതിനൊപ്പം ഒന്‍പത് ഇന്റര്‍സെക്ഷനുകളും വികസിപ്പിക്കും. അഞ്ചു ഘട്ടങ്ങളിലായി നടത്തുന്ന വികസന ജോലികള്‍ അടുത്ത ഡിസംബറോടെയേ പൂര്‍ത്തിയാകൂ.

വികസനം പൂര്‍ത്തിയാകുമ്പോള്‍ ദോഹ ഡൗണ്‍ ടൗണ്‍ എന്നറിയപ്പെടുന്ന മിഷൈരിബിലെ ഗതാഗതക്കുരുക്ക് ഒഴിവാകും. ഒന്നാംഘട്ട ജോലികള്‍ക്ക് തുടക്കമിട്ടതായി അഷ്ഗാല്‍ ദോഹ നഗരപാത വിഭാഗം മേധാവി മുഹമ്മദ് അര്‍കൂബ് അല്‍ ഖല്‍ദി പറഞ്ഞു. 2019 ഡിസംബറോടെയേ ഒന്നാംഘട്ട വികസനം പൂര്‍ണമാകൂ. അല്‍ റിഫ ഇന്റര്‍സെക്ഷന്റെ വികസനവും ദാര്‍ അല്‍ കുതബ് റൗണ്ട് എബൗട്ട് ഇന്റര്‍സെക്ഷനാക്കി മാറ്റുന്ന ജോലികളും ഈ ഘട്ടത്തില്‍ നടക്കും. രണ്ടിടത്തും ലംബറോഡുകളുടെ കുറേഭാഗവും ഇതിനൊപ്പം വീതികൂട്ടി വികസിപ്പിക്കും.

റോഡിന്റെ എതിരറ്റത്താണ് രണ്ടാംഘട്ട നിര്‍മാണം നടക്കുക. അല്‍ ദീവാന്‍, മിഷൈരിബ് ഇന്റര്‍സെക്ഷനുകളുടെയും ലംബറോഡുകളുടെയും വികസനമാണ് രണ്ടാംഘട്ടം. നിര്‍മാണജോലികള്‍ ഉടന്‍ ആരംഭിക്കും. അടുത്ത ജൂണോടെ പൂര്‍ത്തിയാക്കും. ഇതിന്റെ തുടര്‍ച്ചയായാണ് മൂന്നാംഘട്ട ജോലികള്‍. അല്‍ കഹ്റാബ ഇന്റര്‍ചേഞ്ച്, നാസര്‍ ബിന്‍ ഖാലിദ് ഇന്റര്‍ചേഞ്ച് എന്നിവയുടെയും ലംബറോഡുകളുടെയും വികസനമാണ് മൂന്നാംഘട്ടം. അടുത്ത ജനുവരിയില്‍ ആരംഭിക്കുന്ന ജോലികള്‍ ഡിസംബറോടെ പൂര്‍ണമാകും. അല്‍ കഹ്റാബ ഇന്റര്‍ചേഞ്ചിനു ലംബമായുള്ള റോഡിന്റെയും ഈ റോഡിലെ സോഫിടെല്‍ ഇന്റര്‍ചേഞ്ചിന്റെയും വികസനമാണ് നാലാംഘട്ടം. ഇതും അടുത്തവര്‍ഷം ആദ്യം ആരംഭിച്ച് ഡിസംബറോടെ പൂര്‍ണമാകും.

ബി റിങ്ങില്‍ നിന്ന് എ റിങ്ങിനു ലംബമായി കടന്നുപോകുന്ന റോഡിന്റെയും അതിലെ ഹമദ് അല്‍ കബീര്‍ ഇന്റര്‍സെക്ഷന്റെയും എ റിങ് റോഡിലെ അല്‍ അസ്മഖ് ഇന്റര്‍ചേഞ്ചിന്റെയും വികസനമാണ് അഞ്ചാംഘട്ടം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x