Currency

ഓസ്ട്രേലിയക്കാരുടെ വിദേശ യാത്രാവിലക്ക് നീട്ടി

സ്വന്തം ലേഖകന്‍Thursday, December 10, 2020 6:26 pm

ഓസ്ട്രേലിയ: ഓസ്ട്രേലിയക്കാരുടെ വിദേശ യാത്രാവിലക്ക് നീട്ടി. ഡിസംബര്‍ 18ന് വിലക്ക് അവസാനിക്കാനിരിക്കെയാണ് യാത്രാ വിലക്ക് സര്‍ക്കാര്‍ വീണ്ടും നീട്ടിയത്. വിമാനയാത്രക്കും ക്രൂസ് കപ്പല്‍ യാത്രക്കുമുള്ള വിലക്കാണ് സര്‍ക്കാര്‍ നീട്ടിയിരിക്കുന്നത്. 2021 മാര്‍ച്ച് വരെയാണ് യാത്രാ വിലക്ക് നീട്ടിയിരിക്കുന്നത്. വിദേശത്തുനിന്നെത്തുന്നവരിലാണ് ഭൂരിഭാഗം കോവിഡ് കേസുകള്‍ കണ്ടെത്തുന്നത്. അതുകൊണ്ട് തന്നെ രാജ്യം സുരക്ഷിതമാക്കാനാണ് യാത്രാ വിലക്ക് നീട്ടിയിരിക്കുന്നതെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.

എന്നാല്‍ അടിയന്തര ഘട്ടങ്ങളില്‍ യാത്ര ചെയ്യേണ്ടവര്‍ ഓസ്ട്രേലിയന്‍ ബോര്‍ഡര്‍ ഫോഴ്‌സില്‍ നിന്ന് പ്രത്യേക അനുമതി തേടേണ്ടതാണെന്ന് ഓസ്ട്രേലിയന്‍ ആരോഗ്യ വകുപ്പ് വക്താവ് പറഞ്ഞു. പ്രത്യേക ഇളവിനായി അപേക്ഷിച്ച്, അത് ലഭിച്ചാല്‍ മാത്രമേ യാത്ര ചെയ്യാന്‍ കഴിയൂ. യാത്ര ചെയ്യാനുദ്ദേശിക്കുന്ന തീയതിക്ക് രണ്ടാഴ്ച മുമ്പെങ്കിലും ഇളവിനായി അപേക്ഷിക്കണം. എന്നാല്‍ യാത്ര ചെയ്യുന്നതിന് മൂന്നു മാസത്തിനകം ആകണം ഇത്.

ഓസ്ട്രേലിയയില്‍ കൊറോണവൈറസ് ബാധ വര്‍ധിച്ചു തുടങ്ങിയതോടെയാണ് വിദേശത്തേക്ക് യാത്രാ ചെയ്യുന്നതില്‍ സര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്തിയത്. വിദേശത്തു നിന്ന് എത്തുന്നവരില്‍ കൂടുതലായി രോഗം കണ്ടെത്തിയതിനെത്തുടര്‍ന്നായിരുന്നു യാത്രാ വിലക്ക്. മാര്‍ച്ച് മുതലായിരുന്നു വിദേശത്തേക്ക് യാത്ര ചെയ്യുന്നതിനുള്ള വിലക്ക് നടപ്പിലാക്കിയത്.

2020 മാര്‍ച്ച് 18 മുതല്‍ ജൈവസുരക്ഷാ അടിയന്തരാവസ്ഥ നിലനില്‍ക്കുകയാണ്. ഇത് 2021 മാര്‍ച്ച് 17 വരെയാണ് നീട്ടിയിരിക്കുന്നത്. അടിയന്തരാവസ്ഥ നീട്ടിയതിനെത്തുടര്‍ന്നാണ് യാത്രാ വിലക്കും നീട്ടിയത്. ഗവര്‍ണര്‍ ജനറലിന് ഫെഡറല്‍ സര്‍ക്കാര്‍ നല്‍കിയ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് ഇത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x