Currency

മോശം കാലാവസ്ഥയെ തുടര്‍ന്ന് ഫെറി സര്‍വിസുകള്‍ നിര്‍ത്തിവെച്ചു

സ്വന്തം ലേഖകന്‍Tuesday, December 5, 2017 12:29 pm

മസ്‌കത്ത്: മോശം കാലാവസ്ഥയെ തുടര്‍ന്ന് ഷെന്ന-മസീറ റൂട്ടില്‍ ഫെറി സര്‍വിസുകള്‍ നിര്‍ത്തിവെച്ചു. നാഷണല്‍ ഫെറീസ് കമ്പനി (എന്‍.എഫ്.സി) തിങ്കളാഴ്ച ഒരു സര്‍വിസും നടത്തിയില്ല. സ്വകാര്യ ഫെറി തിങ്കളാഴ്ച രാവിലെ മസീറയില്‍ നിന്ന് ഷെന്നയിലേക്ക് ഒരു സര്‍വിസ് നടത്തി. എന്നാല്‍ കാറ്റിനെ തുടര്‍ന്ന് ഷെന്നയില്‍ വാഹനങ്ങള്‍ ഇറക്കാന്‍ പ്രയാസം നേരിട്ടതിനാല്‍ സര്‍വിസ് അവസാനിപ്പിച്ച് ഫെറി മസീറയിലേക്ക് മടങ്ങി.

കടല്‍ പ്രക്ഷുബ്ധമാകാനും തിരമാലകള്‍ മൂന്നര മീറ്റര്‍ വരെ ഉയരാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് നേരത്തേ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതേതുടര്‍ന്ന് സന്ദര്‍ശകരുടെയും സഞ്ചാരികളുടെയും യാത്ര സുഗമമാക്കാന്‍ എന്‍.എഫ്.സി ഞായറാഴ്ച സര്‍വിസുകള്‍ പുനഃക്രമീകരിച്ചു. കാലാവസ്ഥ കണക്കിലെടുത്താകും ചൊവ്വാഴ്ച ഫെറി സര്‍വിസുകള്‍ പുനരാരംഭിക്കുന്നതിനെ കുറിച്ച് തീരുമാനിക്കുക.

വടക്കു-കിഴക്കന്‍ കാറ്റിന്റെ ഫലമായി ഒമാന്റെ ഏതാണ്ടെല്ലാ സ്ഥലങ്ങളിലും താപനിലയില്‍ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. മുസന്ദം, അല്‍ ബാത്തിന, മസ്‌കത്ത്, തെക്കന്‍ ശര്‍ഖിയയുടെ തീരപ്രദേശങ്ങള്‍, അല്‍ ഹജര്‍ പര്‍വതനിരകള്‍ എന്നിവിടങ്ങളിലാണ് മഴക്ക് സാധ്യതയുണ്ട്. ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ നിരീക്ഷണ മന്ത്രാലയം വക്താവ് പറഞ്ഞു. ബീച്ചുകളില്‍ പോകുന്നവര്‍ ജാഗ്രത പുലര്‍ത്തണം. ഡോള്‍ഫിന്‍ വാച്ചിനും മറ്റും കടലില്‍ പോകുന്നത് ഒഴിവാക്കണമെന്നും കാലാവസ്ഥ കേന്ദ്രം അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x