Currency

വിദേശത്തേക്ക് 2000 കോടിയുടെ കള്ളപ്പണം കടത്തി

Tuesday, August 30, 2016 1:25 pm

അതിസാധാരണക്കാരായ ഭേല്‍പുരി കച്ചവടക്കാരന്‍, തൂപ്പുകാരന്‍, ടിക്കറ്റ് പരിശോധകന്‍ എന്നിങ്ങനെ പലരുടെയും പേരിലുള്ള അക്കൌണ്ടുകളില്‍ നിന്ന് ഇന്ത്യക്ക് പുറത്തേക്ക് കോടിക്കണക്കിന് രൂപ മറിഞ്ഞിട്ടുണ്ടെന്നാണ് കണ്ടെത്തിയത്.

മുംബൈ: സാധാരണക്കാരുടെ രേഖകള്‍ ചോര്‍ത്തിക്കൊണ്ട് വ്യാജ ബാങ്ക് അക്കൌണ്ട് നിര്‍മിച്ച് 2000 കോടിയോളം രൂപ വിദേശത്തേക്ക് കടത്തിയതായി റെവന്യൂ ഇന്റലിജന്‍സ് ഡയറക്ടറേറ്റ് കണ്ടെത്തി. അനധികൃതമായ ഈ ഇടപാടില്‍ നാല് ദേശസാല്‍കൃതബാങ്കുകളും ഒരു സ്വകാര്യബാങ്കും പങ്കാളികളായിട്ടുണ്ട്.

ഈ ബാങ്കുകളുടെ സൌത്ത് മുംബൈ ശാഖകളില്‍ നിന്നും കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മുതല്‍ ഈ മാര്‍ച്ച് വരെയുള്ള കാലയളവിലാണ് അനധികൃത പണമിടപാട് നടന്നത്. ഉല്ലാസ് നഗറിലെ ഒരു സിനിമാപ്രവര്‍ത്തകന്‍റെ പേരും അക്കൌണ്ട് വിവരങ്ങളും ഉപയോഗിച്ച് പുതിയ അക്കൌണ്ട് നിര്‍മിച്ച് അതില്‍ നിന്നും 400 കോടി രൂപ പുറത്തുള്ള ഒരു കമ്പനിയുടെ അക്കൌണ്ടിലേക്ക് നീക്കിയിട്ടുണ്ട്.

അതിസാധാരണക്കാരായ ഭേല്‍പുരി കച്ചവടക്കാരന്‍, തൂപ്പുകാരന്‍, ടിക്കറ്റ് പരിശോധകന്‍ എന്നിങ്ങനെ പലരുടെയും പേരിലുള്ള അക്കൌണ്ടുകളില്‍ നിന്ന് ഇന്ത്യക്ക് പുറത്തേക്ക് കോടിക്കണക്കിന് രൂപ മറിഞ്ഞിട്ടുണ്ടെന്നാണ് കണ്ടെത്തിയത്. പണം കൈമാറ്റം ചെയ്തത് മസ്ജിദില്‍ ഒരു വ്യാജ കമ്പനി തുറന്നിട്ടാണ്. ഈ സ്ഥലം മുന്‍പ് ചില സ്വര്‍ണപ്പണിക്കാര്‍ ഉപയോഗിച്ച് വരികയായിരുന്നു. മേല്പറഞ്ഞ ഇടപാടുകള്‍ക്ക് ശേഷം കമ്പനി പൂട്ടുകയും ചെയ്തു.

തട്ടിപ്പ് നടന്ന ബാങ്കുകളുടെ വിവരങ്ങള്‍ റവന്യൂ ഇന്റലിജന്‍സ് പുറത്ത് വിട്ടിട്ടില്ല. ഒപേര ഹൌസ്, ഫോര്‍ട്ട്‌, മസ്ജിദ്, നാഗപാഡ എന്നീ ബാങ്ക് ശാഖകളില്‍ നിന്നുമാണ് ഇടപാടുകള്‍ നടന്നിട്ടുള്ളത്. തട്ടിപ്പിന് വേണ്ടി കയറ്റിറക്കുമതി മേഖലയിലെ 12 സൂചകങ്ങള്‍ ഉപയോഗിച്ചിട്ടുണ്ട്. എന്നാല്‍ പണം വിനിയോഗിച്ചത് തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്ന് സാധനങ്ങള്‍ ഇറക്കുമതി ചെയ്യാനാണ് എന്നാണു കമ്പനിയുടെ വാദം. സാധനങ്ങള്‍ ഇറക്കുമതി ചെയ്യാനായി രഹസ്യസൂചകങ്ങള്‍ പ്രാകാരം 2232 കോടി രൂപ വിനിയോഗിച്ചിട്ടുണ്ടെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

അവകാശം ഇങ്ങനെയാണെങ്കിലും വെറും 25 കോടിയുടെ ഇറക്കുമതി മാത്രമാണ് നടന്നിട്ടുള്ളത്‌. മാസം 10,000 രൂപ പോലും വരുമാനമില്ലാത്തവരുടെ പേരിലാണ് കോടികള്‍ പുറത്തേക്ക് പോയിരിക്കുന്നത്. സ്വര്‍ണ-വജ്ര വ്യാപാരമേഖലയിലുള്ളവരാണ് ഹവാല ഇടപാടിനു പിന്നിലെന്നാണ് ഇന്റലിജന്‍സ് അനുമാനം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x