Currency

ഒമാനിലെ മലവെള്ള പാച്ചിലില്‍ കാണാതായ ആറംഗ ഇന്ത്യന്‍ കുടുംബത്തിലെ ഒരാളുടെ മൃതദേഹം കണ്ടെത്തി

സ്വന്തം ലേഖകന്‍Wednesday, May 22, 2019 12:31 pm

മസ്‌കത്ത്: ഒമാനില്‍ കനത്ത മഴയെ തുടര്‍ന്ന് ഉണ്ടായ മലവെള്ള പാച്ചിലില്‍ ഒഴുക്കില്‍പ്പെട്ട ആറംഗ ഇന്ത്യന്‍ കുടുംബത്തിലെ ഒരാളുടെ മൃതദേഹം കണ്ടെത്തി. ശര്‍ഖിയ ഗവര്‍ണറേറ്റിലെ വാദി ബനീഖാലിദില്‍ കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരമുണ്ടായ വെള്ളപ്പൊക്കത്തിലാണ് മഹാരാഷ്ട്ര സ്വദേശിയായ സര്‍ദാര്‍ ഫസലിനെയും കുടുംബത്തെയും കാണാതായത്. തെരച്ചിലിന് ഒടുവില്‍ തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് മാതാവ് ഷബ്‌ന ബീഗത്തിന്റെ മൃതദേഹം കണ്ടെത്തിയത്.

സര്‍ദാര്‍ ഫസലിന്റെ പിതാവ് ഖാന്‍ ഖൈറുല്ല സത്താര്‍ ഖാന്‍ പത്താന്‍, മാതാവ് ഷബ്‌ന ബീഗം ഖൈറുല്ല, ഭാര്യ അര്‍ഷി ഖാന്‍, മകള്‍ സിദ്‌റ ഖാന്‍, സൈദ് ഖാന്‍, നൂഹ് ഖാന്‍ എന്നിവരെയാണ് കാണാതായത്. ഇബ്‌നുഹൈതം ഫാര്‍മസിയിലെ ഫാര്‍മസിസ്റ്റ് ആയ സര്‍ദാര്‍ ഫസല്‍ ഇബ്രയില്‍ കുടുംബ സമേതമാണ് താമസിക്കുന്നത്. പുതുതായി പിറന്ന കുഞ്ഞിനെ കാണുന്നതിനായി ഇന്ത്യയില്‍ നിന്നെത്തിയ മാതാവും പിതാവും തിരിച്ചുപോകാനിരുന്ന ദിവസത്തിന്റെ തലേന്നാണ് അപകടം ഉണ്ടായത്.

ഇബ്ര ആശുപത്രി മോര്‍ച്ചറിയിലുള്ള മൃതദേഹത്തിലെ രക്തസാമ്പിളുകള്‍ ശേഖരിച്ചതായും ആളെ തിരിച്ചറിയുന്നതിനുള്ള പരിശോധനക്ക് മസ്‌കത്തിലെ ഫോറന്‍സിക് ലബോറട്ടറിയിലേക്ക് അയച്ചിട്ടുണ്ടെന്നും സിവില്‍ ഡിഫന്‍സ് അറിയിച്ചു. അപകട വിവരമറിഞ്ഞ് ഞായറാഴ്ച രാവിലെ മുതല്‍ സിവില്‍ ഡിഫന്‍സും പൊലീസ് ഉദ്യോഗസ്ഥരും സന്നദ്ധ പ്രവര്‍ത്തകരും ചേര്‍ന്ന് വാദിയിലും സമീപപ്രദേശങ്ങളിലും തെരച്ചില്‍ നടത്തിവരുകയാണ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x