
റാസല്‍ഖൈമ: പ്രധാന റോഡില്‍ കൂടി വഴി തെറ്റി എത്തിയ ഒട്ടകങ്ങളുടെ ഓട്ടം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. റാസല്‍ഖൈമ ഒമാന്‍ റോഡിലൂടെ മൂന്ന് ഒട്ടകങ്ങള്‍ ഓടുന്നതിന്റെ വീഡിയോ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയകളിലൂടെ പുറത്തുവന്നത്. വഴി തെറ്റി വന്ന ഒട്ടകങ്ങള്‍ അപകടങ്ങള്‍ക്കിടയാക്കുമെന്ന് ചൂണ്ടിക്കാട്ടി അധികൃതരുടെ ശ്രദ്ധ ക്ഷണിച്ചാണ് വീഡിയോ അപ്പ്ലോഡ് ചെയ്തിരിക്കുന്നത്. ഒട്ടകങ്ങളുടെ റോഡിലൂടെയുള്ള ഓട്ടം പകല്‍ സമയത്തായതിനാല്‍ അപകടം ഒഴിവാകുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികളുടെ വിവരണം.
അല്‍ ശമല്‍, അല്‍ ഹംറാനിയ, ജസീറ അല്‍ ഹംറ, അല്‍ ഗൈല്‍, ദൈദ് പ്രദേശങ്ങളിലാണ് ഒട്ടകങ്ങള്‍ അലഞ്ഞു തിരിയുന്നത് കൂടുതലായി കണ്ടുവരുന്നത്. അടുത്തിടെ ഒട്ടകങ്ങളുടെ റോഡ് പ്രവേശനം രണ്ട് യുവാക്കളുടെ മരണത്തിനും ഇടയാക്കിയിരുന്നു. യുവാക്കള്‍ സഞ്ചരിച്ച വാഹനം ഒട്ടകത്തിന് മേല്‍ ഇടിച്ചതായിരുന്നു ദുരന്ത കാരണം.
അലഞ്ഞുതിരിയുന്ന ഒട്ടകങ്ങള്‍ റോഡുകളിലേക്ക് പ്രവേശിക്കുന്നത് ദുരന്തങ്ങള്‍ക്കിട വരുത്തുമെന്ന് റാക് മുനിസിപ്പാലിറ്റി ഡയറക്ടര്‍ ജനറല്‍ മുന്‍സിര്‍ ബിന്‍ ഷുക്കൂര്‍ ആല് സാബി അഭിപ്രായപ്പെട്ടു. വാഹന യാത്രക്കാര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. മൃഗങ്ങളുടെ മേല്‍ പ്രത്യേക റിഫ്ളക്ടറുകള്‍ പതിക്കണമെന്ന നിയമം നിലവിലുള്ളതാണ്. എന്നാല്‍ ചില ഉടമകള്‍ ഇത് അശ്രദ്ധമായി വിടുന്നത് രാത്രിയിലെ വാഹന യാത്രികര്‍ക്ക് ബുദ്ധിമുട്ടാണ്ടാക്കുന്നുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.