പാര്‍ക്കുകളിലും ബീച്ചുകളിലും പ്രവേശനം 40% പേര്‍ക്കു മാത്രമായി പരിമിതപ്പെടുത്തിയതായി അബുദാബി നഗരസഭ. സന്ദര്‍ശകരുടെ ശരീരോഷ്മാവ് പരിശോധിച്ച് രോഗമില്ലെന്ന് ഉറപ്പാക്കുന്നവര്‍ക്കേ പ്രവേശനം അനുവദിക്കൂ. മാസ്ക് ധരിക്കുകയും 2 മീറ്റര്‍ അകലം പാലിക്കുകയും വേണം.
യുഎഇയെ സ്നേഹിക്കുന്ന എല്ലാ പൗരന്മാരെയും താമസക്കാരെയും രാജ്യത്തിന്റെയും മാനവരാശിയുടെയുടെയും നന്മയ്ക്കായി പങ്കുചേരാനും സന്നദ്ധപ്രവര്‍ത്തനം നടത്താനും ക്ഷണിക്കുന്നതായി അബുദാബി ആരോഗ്യവകുപ്പ് ചെയര്മാന് ഷെയ്ഖ് അബ്ദുല്ല അല്‍ ഹമീദ് പറഞ്ഞു. കോവിഡിനെതിരെയുള്ള വാക്സിന്റെ മൂന്നാം ഘട്ട ക്ലിനിക്കല്‍ പരീക്ഷണം അബുദാബിയില്‍ ആരംഭിച്ച പശ്ചാത്തലത്തില്‍ പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം പറഞ്ഞത്.
ഓഗസ്റ്റ് അവസാനത്തോടെ അബുദാബിയിലെ മുഴുവന്‍ ഷോപ്പിങ് മാളുകള്‍ക്കും വിനോദ കേന്ദ്രങ്ങള്‍ക്കും ഹോട്ടലുകള്‍ക്കും ‘ഗൊ സെയ്ഫ്’ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കുമെന്ന് സാംസ്കാരിക ടൂറിസം വിഭാഗം (ഡിസിടി) അറിയിച്ചു. കോവിഡ് ജാഗ്രതാ മുന്‍കരുതലിന്റെ ഭാഗമായി ഡിസിടി നിര്‍ദേശിച്ച സുരക്ഷാ സംവിധാനങ്ങള്‍ സജ്ജമാക്കിയവര്‍ക്കാണ് ഈ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്.
വിസാ കാലാവധി തീര്‍ന്ന് അനധികൃതമായി യു.എ.ഇയില്‍ തങ്ങുന്നവര്‍ക്ക് ആഗസ്റ്റ് 17 വരെ പിഴയില്ലാതെ നാട്ടില്പോകാന് യു.എ.ഇ അധികൃതര്‍ അനുമതി നല്‍കിയിരുന്നു. ഈ അവസരം വിനിയോഗിക്കാന്‍ ആഗ്രഹിക്കുന്ന ഇന്ത്യന്‍ പ്രവാസികള്‍ ഇനി ഇന്ത്യന്‍ എംബസിയിലോ കോണ്‍സുലേറ്റിലോ പ്രത്യേകഫോമില്‍ അപേക്ഷ നല്‍കണം.
ബലിപെരുന്നാളിനോടനുബന്ധിച്ച് യുഎഇയില്‍ സര്‍ക്കാര്‍ മേഖലയ്ക്ക് നാല് ദിവസത്തെ അവധി പ്രഖ്യാപിച്ചു. ഈ മാസം 30 മുതല്‍ ഓഗസ്റ്റ് രണ്ടു വരെയാണ് അവധിയെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഗവണ്മെന്റ് ഹ്യൂമന്‍ റിസോഴ്സസ് അറിയിച്ചു.
പുതിയ അധ്യയനവര്‍ഷത്തില്‍ കാമ്പസിലേക്ക് തിരിച്ചെത്തുന്നതിന് മുന്നോടിയായി എല്ലാ അധ്യാപകരും വിദ്യാര്‍ഥികളും സ്കൂള്‍ ജീവനക്കാരും കോവിഡ് പരിശോധനക്ക് വിധേയരാവണം. പരിശോധനക്ക് ശേഷം അനുമതി ലഭിക്കുന്നവര്‍ക്ക് മാത്രമേ സ്കൂളിലേക്ക് പ്രവേശിക്കാന്‍ കഴിയൂ. പരിശോധനയുടെ സമയക്രമവും, നടപടികക്രമങ്ങളും പിന്നീട് പ്രഖ്യാപിക്കും.
വാട്സാപ്പ് ഉള്‍പ്പെടെയുള്ള സാമൂഹിക മാധ്യമങ്ങളിലൂടെ അഭ്യൂഹങ്ങളും വ്യാജസന്ദേശങ്ങളും പ്രചരിപ്പിച്ചാല്‍ കര്‍ശന നടപടിയെന്ന് ദുബായ് പബ്ലിക് പ്രോസിക്യൂഷന്. നിയമലംഘനത്തിന് കുറഞ്ഞത് ഒരു വര്‍ഷമെങ്കിലും തടവുശിക്ഷ ലഭിക്കും. കുറ്റക്യത്യത്തിന്റെ തീവ്രത അനുസരിച്ച് മറ്റ് നടപടിക്രമങ്ങള്‍ ഉണ്ടാകും.
ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസന്‍ ഷിപ്പാണ് സന്ദര്‍ശകവിസയില്‍ യുഎഇയില്‍ കഴിയുന്നവര്‍ക്ക് ഇളവ് പ്രഖ്യാപിച്ചത്. പുതിയ പ്രഖ്യാപനം അനുസരിച്ച് ആഗസ്റ്റ് 11 ന് ശേഷം 30 ദിവസം കൂടി സമയം നീട്ടിനല്കാന് അപേക്ഷിക്കാം. അതേസമയം ഇത് എങ്ങനെയാണ് അപേക്ഷിക്കേണ്ടത് എന്നത് വ്യക്തമായിട്ടില്ല.
രാജ്യതലസ്ഥാനമായ അബുദാബിയിലും അല്‍ ഐന്‍, അല്‍ ദഫ്ര മേഖലകളിലും കൂടുതല്‍ പബ്ലിക് പാര്‍ക്കുകളും ബീച്ചുകളും തുറക്കുമെന്ന് അബുദാബി ഗതാഗത വിഭാഗം അറിയിച്ചതായി പ്രസ്താവനയില്‍ പറയുന്നു. പരമാവധി 40 ശതമാനം ആളുകള്‍ക്കാണ് പ്രവേശനമുണ്ടാകുക. ഒരു സംഘത്തില്‍ നാലുപേര്‍ വരെ അനുവദനീയമാണ്. പ്രവേശനകവാടത്തില്‍ ശരീരോഷ്മാവ് പരിശോധിച്ച ശേഷമാവും ഇവരെ കടത്തി വിടുക. എല്ലാവരും നിര്‍ബന്ധമായും മാസ്ക് ധരിക്കണം.
പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം.എ. യൂസഫലിക്ക് ഈ വര്‍ഷത്തെ അബുദാബി സസ്റ്റയിനബിലിറ്റി ലീഡര്‍ പുരസ്കാരം. അബുദാബി പരിസ്ഥിതി വകുപ്പിന്റെ കീഴിലുള്ള അബുദാബി സസ്റ്റെയിനബിലിറ്റി ഗ്രൂപ്പാണ് വിവിധ മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ച വ്യക്തികളെയും സ്ഥാപനങ്ങളെയും പുരസ്കാരത്തിനായി തെരഞ്ഞെടുത്തത്.