
അബൂദബി: വിസിറ്റ് വിസയില്‍ യുഎഇയില്‍ കഴിയുന്നവര്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ 30 ദിവസം കൂടി സമയം. നേരത്തേ ആഗസ്റ്റ് 11 വരെയാണ് പിഴയില്ലാതെ മടങ്ങാന്‍ സമയം അനുവദിച്ചിരുന്നത്. ഈ സമയത്തിനുള്ളില്‍ മടങ്ങാന്‍ കഴിയാത്തവര്‍ക്ക് 30 ദിവസം കൂടി ഗ്രേസ് പിരിയഡിന് അപേക്ഷിക്കാം.
ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസന്‍ ഷിപ്പാണ് സന്ദര്‍ശകവിസയില്‍ യുഎഇയില്‍ കഴിയുന്നവര്‍ക്ക് ഇളവ് പ്രഖ്യാപിച്ചത്. പുതിയ പ്രഖ്യാപനം അനുസരിച്ച് ആഗസ്റ്റ് 11 ന് ശേഷം 30 ദിവസം കൂടി സമയം നീട്ടിനല്കാന് അപേക്ഷിക്കാം. അതേസമയം ഇത് എങ്ങനെയാണ് അപേക്ഷിക്കേണ്ടത് എന്നത് വ്യക്തമായിട്ടില്ല.
ഒറ്റത്തവണ മാത്രമാണ് ഈ ഗ്രേസ് പിരിയഡ് അനുവദിക്കുക. ഈ കാലയളവിനുള്ളില്‍ പുതിയ വിസിറ്റ് വിസയിലേക്കോ, റെസിഡന്റ് വിസയിലേക്കോ മാറണം. അല്ലെങ്കില്‍ നാട്ടിലേക്ക് മടങ്ങണം. അല്ലാത്തപക്ഷം പിഴ നല്‍കേണ്ടി വരും. വിസ, തിരിച്ചറിയല്‍ പുതുക്കുന്ന നടപടികള്‍ അതോറിറ്റി ഇതിനകം ആരംഭിച്ചിട്ടുണ്ട്. മാര്‍ച്ച് ഒന്നിനു ശേഷം താമസ വിസ കാലാവധി തീര്‍ന്നവര്‍ക്ക് ജൂലൈ 12 മുതല്‍ മൂന്നു മാസത്തിനകം അവ പുതുക്കിയാല്‍ മതിയാവും. അതോറിറ്റിയുടെ ica.gov.ae വെബ്സൈറ്റിലൂടെ വിസ പുതുക്കുന്നതിനുള്ള സ്മാര്‍ട്ട് സേവനങ്ങള്‍ ലഭ്യമാവും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.