വിദ്യാഭ്യാസ വകുപ്പുമായി ചേര്‍ന്ന് അബൂദബി പൊലീസ് വേനലവധിക്കാലത്ത് ഫ്യൂച്ചര്‍ പൈലറ്റ് പദ്ധതി നടപ്പാക്കുന്നു. പദ്ധതിയുടെ രണ്ടാം എഡീഷനാണ് ആരംഭിക്കുന്നത്. എട്ടാം തീയതി മുതലാണ് പദ്ധതി ആരംഭിക്കുക. നൂറ് ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ക്കാണ് അവസരം.
തലസ്ഥാന എമിറേറ്റിലെ ഇരുപതോളം മാളുകളില്‍ 80 ശതമാനം വരെ വിലക്കിഴിവില്‍ വേനല്‍ ആദായ വില്പന ഇന്നു മുതല്‍. ‘ഡിസ്കവര് ദി സര്‍പ്രൈസ്’ എന്ന സമ്മര്‍ സീസണ് വിപണനത്തിനാണ് തുടക്കം കുറിക്കുന്നത്. അബുദാബി സാംസ്കാരിക ടൂറിസം വകുപ്പ്, അബുദാബി സാമ്പത്തിക വികസന വകുപ്പ് എന്നിവയുടെ സംയുക്ത സഹകരണത്തോടെയാണിത്.
നവജാത ശിശുക്കളുടെ ഹൃദയാരോഗ്യം പരിശോധിക്കാനുള്ള പദ്ധതിക്ക് യു.എ.ഇ. ആരോഗ്യ വകുപ്പ് തുടക്കമിട്ടു. ജന്മനാ ഉണ്ടാകുന്ന ഹൃദ്രോഗങ്ങള്‍ കണ്ടെത്താനും നേരത്തെ ചികില്‍സ തുടങ്ങാനും ഉദ്ദേശിച്ച് ‘ഈവ്’ എന്ന പേരില്‍ അറിയപ്പെടുന്ന സ്ക്രീനിങ് ആപ്ലിക്കേഷനാണ് ഇതിന് ഉപയോഗിക്കുന്നത്. ആദ്യമായാണ് ഈ സൗകര്യം ഇത്ര വ്യാപകമായി ഉപയോഗിക്കുന്നത്.
സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളില്‍നിന്നു തൊഴില്‍ ഉപേക്ഷിക്കേണ്ടിവരുന്ന സ്വദേശികളുടെ റിപ്പോര്‍ട്ട് അതതു കമ്പനികള്‍ തയാറാക്കണമെന്ന് അധികൃതര്‍. ജോലി രാജിവച്ചാലും കമ്പനി പിരിച്ചുവിട്ടാലും ഇതു ബാധകമാണ്. ജോലി നഷ്ടപ്പെടാനുണ്ടായ കാരണങ്ങള്‍ വിശദമാക്കുന്ന സമഗ്ര റിപ്പോര്‍ട്ട് തയാറാക്കണമെന്നാണു നിര്‍ദേശം.
അഡ്നോക്ക് പെട്രോള്‍ പമ്പുകളില്‍ ഇനി മുതല്‍ ജീവനക്കാര്‍ പെട്രോളടിച്ചു തരണമെങ്കില്‍ അധിക തുക നല്‍കണം. 10 ദിര്‍ഹമാണ് അധികം നല്‍കേണ്ടത്. വാഹനമോടിക്കുന്നവര്‍ സ്വയം ഇന്ധനം നിറക്കുന്നത് പ്രോല്‍സാഹിപ്പിക്കുന്നതിന്റെ ഭാഗയാണ് പുതിയ തീരുമാനം.
കൊതുകു വളര്‍ച്ചയും കൊതുകു ജന്യ രോഗങ്ങളും തടയുന്നതിന്റെ ഭാഗമായി മാലിന്യ നിര്‍മാര്‍ജന കേന്ദ്രമായ തദ്വീര് അബൂദബിയില്‍ ബോധവത്കരണവും കര്‍മ്മ പദ്ധതിയും ആരംഭിച്ചു.
കടുത്തചൂടില്‍ കുട്ടികളെ വാഹനങ്ങളില്‍ ഇരുത്തി പോകുന്നത് ജീവഹാനി ഉള്‍പ്പെടെ ദുരന്തങ്ങള്‍ക്കു കാരണമാകുമെന്നു പൊലീസിന്റെ മുന്നറിയിപ്പ്. എസി പ്രവര്‍ത്തിക്കാന്‍ വാഹനം സ്റ്റാര്‍ട്ട് ചെയ്തിട്ടു പോകുന്നതും സുരക്ഷിതമല്ല.
രാജ്യാന്തര വിമാനത്തില്‍ എത്തുന്ന ട്രാന്‍സിറ്റ് യാത്രക്കാര്‍ക്ക് സുഖമായി ഉറങ്ങാനും വിശ്രമിക്കാനും സൗകര്യമൊരുങ്ങി. ടെര്‍മിനല്‍ മൂന്നിലാണ് പുതുതായി സൗകര്യം ഏര്‍പ്പെടുത്തിയത്. നേരത്തേ ടെര്‍മിനല്‍ ഒന്നിലും ഇത് ഏര്‍പ്പെടുത്തിയിരുന്നു. ഒരേസമയം 38 പേര്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്ന വ്യത്യസ്ത മുറികളാണ് ഒരുക്കിയിരിക്കുന്നത്.
വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവരെ പിടികൂടാന്‍ പ്രത്യേക ക്യാമറ സ്ഥാപിക്കുമെന്ന് പൊലീസ്. നിലവിലുള്ള ക്യാമറകളിലും ഇത്തരം സംവിധാനം ഏര്‍പ്പെടുത്തും. ഒന്നിലേറെ വരികളുള്ള റോഡില്‍ ഓരോ ലെയ്നിലെയും അമിത വേഗക്കാരെ പിടികൂടാനുള്ള സംവിധാനം ക്യാമറയിലുണ്ടാകും.
വീടുകളുടെ പുറത്തെ വാതിലുകള്‍ ശരിയായി പൂട്ടുകയും ദീര്‍ഘ ദിവസങ്ങളില്‍ വേനല്‍ അവധിക്കായി രാജ്യത്തിനു വെളിയില്‍ പോകുന്നവര്‍ വിലപിടിപ്പുള്ള സാധനങ്ങളും ജ്വല്ലറികളും സുരക്ഷിതമായ ലോക്കറുകളിലും ബോക്സുകളിലും ഭദ്രമായി സൂക്ഷിക്കുകയും വേണമെന്നും പൊലീസ് പ്രത്യേകം നിര്‍ദേശിക്കുന്നു.