Currency

അഡ്‌നോക്ക് പമ്പുകളില്‍ ജീവനക്കാര്‍ പെട്രോളടിച്ചു തരണമെങ്കില്‍ അധിക തുക നല്‍കണം

സ്വന്തം ലേഖകന്‍Wednesday, June 27, 2018 1:13 pm

അബൂദബി: അഡ്‌നോക്ക് പെട്രോള്‍ പമ്പുകളില്‍ ഇനി മുതല്‍ ജീവനക്കാര്‍ പെട്രോളടിച്ചു തരണമെങ്കില്‍ അധിക തുക നല്‍കണം. 10 ദിര്‍ഹമാണ് അധികം നല്‍കേണ്ടത്. വാഹനമോടിക്കുന്നവര്‍ സ്വയം ഇന്ധനം നിറക്കുന്നത് പ്രോല്‍സാഹിപ്പിക്കുന്നതിന്റെ ഭാഗയാണ് പുതിയ തീരുമാനം. ഈ മാസം 30 മുതല്‍ പുതിയ സംവിധാനം നിലവില്‍ വരും.

അബൂദബിയിലെ അഡ്‌നോക്ക് പെട്രോള്‍ പമ്പുകളിലാണ് ആദ്യഘട്ടത്തില്‍ ജീവനക്കാര്‍ ഇന്ധനം നിറച്ചു നല്‍കാന്‍ അധികനിരക്ക് ഈടാക്കുക. പിന്നീട് ഷാര്‍ജ, അജ്മാന്‍, റാസല്‍ഖൈമ, ഉമ്മുല്‍ഖുവൈന്‍, ഫുജൈറ എമിറേറ്റുകളിലെ അഡ്‌നോക് പമ്പുകളിലും ഇത് നടപ്പാക്കും. അതേസമയം മുതിര്‍ന്ന പൗരന്‍മാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും ജീവനക്കാരുടെ സൗജന്യ സേവനം തുടരും. ജീവനക്കാര്‍ പെട്രോള്‍ അടിക്കുന്നതിനെ പ്രീമിയം സേവനമായാണ് ഇനി കണക്കാക്കുക. പെട്രോള്‍ അടിക്കുന്നതിന് പുറമെ, വാഹനങ്ങളുടെ വിന്‍ഡ്ഷീല്‍ഡ് വൃത്തിയാക്കലും, ടയറിലെ കാറ്റ് പരിശോധിക്കലും ഈ സേവനത്തില്‍ ഉള്‍പ്പെടും.

മാസങ്ങളായി അഡ്‌നോക്ക് ഫ്‌ലക്‌സ് എന്ന പേരില്‍ സ്വയം പെട്രോളടിക്കുന്ന സംവിധാനം കമ്പനി പ്രോല്‍സാഹിപ്പിച്ചിരുന്നു. 45 ശതമാനം ഉപഭോക്താക്കളും സ്വയം ഇന്ധനം നിറക്കാന്‍ പരിശീലനം നേടിക്കഴിഞ്ഞു എന്നാണ് കമ്പനിയുടെ കണക്കുകള്‍.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x