24 മണിക്കൂര്‍ അണുനശീകരണ യജ്ഞവും യാത്രാവിലക്കും പ്രഖ്യാപിച്ച ദുബായില്‍ അത്യാവശ്യഘട്ടങ്ങളില്‍ പുറത്തിറങ്ങാന്‍ അനുമതി നേടുന്നതിന് പുതിയ സംവിധാനം ആരംഭിച്ചു. ഇതിനായി https://dxbpermit.gov.ae എന്ന വെബ്സൈറ്റ് വഴി അപേക്ഷ നല്‍കണം. അല്ലെങ്കില്‍ 800PERMIT അഥവാ 800737648 എന്ന ഹോട്ട്ലൈന്‍ നമ്പറില്‍ വിളിക്കാം.
കോവിഡ് വ്യാപന സാഹചര്യത്തില്‍ ഗ്രോസറികള്‍ക്കും മറ്റും സൗജ്യ ഇ- കൊമേഴ്സ് സംവിധാനം ഏര്‍പ്പെടുത്തി. യു.എ.ഇയിലെ ചെറുകിട, ഇടത്തരം സ്ഥാപനങ്ങള്‍ക്കാണ് തികച്ചും സൗജന്യമായി ഈ സൗകര്യം ലഭിക്കുക. emotions.ae എന്ന പ്ലാറ്റ്ഫോമിലൂടെയാണ് ഉപഭോക്താക്കള്‍ക്ക് സൗജന്യമായി ഈ സൗകര്യം ലഭിക്കുക.
ഏപ്രില്‍ അഞ്ച് (ഞായര്‍) മുതല്‍ ദുബായ് മെട്രോയും ട്രാമും മറ്റൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ സര്‍വീസ് നടത്തില്ലെന്ന് അധികൃതര്‍ അറിയിച്ചു. ദുബായ് മെട്രോയുടെ റെഡ്, ഗ്രീന്‍ തുടങ്ങി എല്ലാ ലൈനുകളും സ്റ്റേഷനുകളും അടഞ്ഞു കിടക്കും. സ്റ്റേഷനുകളിലെ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കില്ല.
കൊവിഡ് വൈറസ് വ്യാപനത്തെ നേരിടാന്‍ ദുബായില്‍ ലോക് ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍. രണ്ടാഴ്ചത്തേയ്ക്ക് 24 മണിക്കൂറും യാത്രാനിയന്ത്രണം നിലവില്‍ വന്നു. ഭക്ഷണം, മരുന്ന് തുടങ്ങിയ അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെ ആരും വീടുകളില്‍ നിന്ന് പുറത്തിറങ്ങരുതെന്ന് അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്. വാഹനങ്ങളും നിരത്തിലിറക്കാന്‍ പാടില്ല. നിലവില്‍ ദുബായ് എമിറേറ്റില്‍ മാത്രമാണ് സഞ്ചാര വിലക്കുള്ളത്.
ആശുപത്രികളിലും ക്ലിനിക്കുകളിലും പോകാനും വരാനും ഹലാ ടാക്സികളില്‍ 20% നിരക്കിളവ്. 43 ആശുപത്രികളില്‍ പോകാന്‍ ഒരാള്‍ക്ക് പരമാവധി 10 ട്രിപ്പ് ഇളവു ലഭിക്കും. കരീം ആപ്പ് വഴിയാണ് ടാക്സി ബുക്ക് ചെയ്യേണ്ടത്.
ട്യൂഷന് ക്ലാസുകള്‍ക്ക് യുഎഇ വിദ്യാഭ്യാസ മന്ത്രാലയം വിലക്ക് ഏര്‍പ്പെടുത്തി. വീടുകളിലും സ്ഥാപനങ്ങളിലും നടക്കുന്ന ട്യൂഷന് ക്ലാസുകള്‍ക്കാണ് വിലക്ക്. അതേസമയം, വിദൂരപഠനം, ഇ ലേണിങ് തുടങ്ങിയ സംവിധാനം വഴി വിദ്യാര്‍ഥികള്‍ക്ക് ട്യൂഷന് നല്‍കുന്നതിന് വിലക്ക് ബാധകമല്ലെന്ന് മന്ത്രാലയം വ്യക്തമാക്കി.
യുഎഇയില്‍ രണ്ട് മാസത്തേക്ക് ഇന്റര്‍നെറ്റ് കോളുകള്‍ സൗജന്യമാക്കി ഇത്തിസാലാത്ത്. വോയിസ് വീഡിയോ കോളുകള്‍ക്ക് ആനുകൂല്യം ലഭ്യമാണ്. കൊവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ഏപ്രില്‍ മുതല്‍ രണ്ട് മാസത്തേക്കാണ് സൗജന്യമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
കോവിഡ് ബാധയെ തുടര്‍ന്ന് സ്കൂളുകള്‍ അടച്ചിട്ടതിനാല്‍ കുട്ടികള്‍ വീട്ടിലിരുന്ന് ഇ-ലേണിങ് വഴി പഠിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ഈമാസം ആരംഭിക്കുന്ന ടേമിലേക്ക് ബസ് ഫീസ് ഈടാക്കിയിട്ടുണ്ടെങ്കില്‍ അത് തിരിച്ചു നല്‍കണമെന്ന് കെ.എച്ച്.ഡി.എ നിര്‍ദേശിച്ചത്. എന്നാല്‍, ഫീസ് അടവില്‍ വീഴ്ചയുണ്ടെങ്കില്‍ വിദ്യാര്‍ഥികള്‍ക്ക് നല്കുന്ന ഈ ലേണിങ് സംവിധാനം നിര്‍ത്തിവെക്കാമെന്നും കെ.എച്ച്.ഡി.എ അറിയിച്ചു.
ദേരയിലെ അല്‍റാസ് മേഖലയിലേക്ക് ഇന്ന് മുതല്‍ രണ്ടാഴ്ച പ്രവേശന വിലക്ക്. ഈ മേഖലയില്‍ താമസിക്കുന്നവര്‍ക്ക് അവശ്യ സാധനങ്ങള്‍ ദുായ് ഹെല്‍ത്ത് അതോറിറ്റി എത്തിച്ച് നല്‍കും. മറ്റിടങ്ങളിലുള്ളവര്‍ക്ക് ഇങ്ങോട്ട് പ്രവേശനമുണ്ടാവില്ല. ഇവിടെയുള്ള മെട്രോ സ്റ്റേഷനുകളായ അല്‍റാസ്, പാം ദേര, ബനിയാസ് സ്ക്വയര്‍ മെട്രോ സ്റ്റേഷനുകളും രണ്ടാഴ്ച അടച്ചിടുമെന്ന് ആര്‍ടിഎ അറിയിച്ചു.
ഉത്തരവ് പ്രകാരം അധികമുള്ള തൊഴിലാളികളുടെ പേര് വിവരങ്ങള്‍ വെര്‍ച്ച്വല്‍ ജോബ് മാര്‍ക്കറ്റില്‍ രജിസ്റ്റര്‍ ചെയ്ത് അവരെ ജോലിയില്‍ നിന്ന് ഒഴിവാക്കാം. ജീവനക്കാര്‍ക്ക് മറ്റിടങ്ങളില്‍ ജോലി ലഭിക്കുന്നതിനാണ് ഇത്തരത്തില്‍ രജിസ്റ്റര്‍ ചെയ്യുന്നത്. അല്ലാത്ത പക്ഷം, തൊഴില്‍ കരാറില്‍ മാറ്റം വരുത്തി ജീവക്കാരുടെ ശമ്പളം താല്കാലികമായോ, സ്ഥിരമായോ വെട്ടിച്ചുരുക്കാന്‍ സ്ഥാപനങ്ങള്‍ക്ക് അനുമതിയുണ്ട്. ഇത് പരസ്പര ധാരണയുടെ അടിസ്ഥാനത്തിലായിരിക്കണം.