
ദുബായ്: കൊവിഡ് വൈറസ് വ്യാപനത്തെ നേരിടാന്‍ ദുബായില്‍ ലോക് ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍. രണ്ടാഴ്ചത്തേയ്ക്ക് 24 മണിക്കൂറും യാത്രാനിയന്ത്രണം നിലവില്‍ വന്നു. ഭക്ഷണം, മരുന്ന് തുടങ്ങിയ അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെ ആരും വീടുകളില്‍ നിന്ന് പുറത്തിറങ്ങരുതെന്ന് അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്. വാഹനങ്ങളും നിരത്തിലിറക്കാന്‍ പാടില്ല. നിലവില്‍ ദുബായ് എമിറേറ്റില്‍ മാത്രമാണ് സഞ്ചാര വിലക്കുള്ളത്.
നിയമലംഘനം നടത്തുന്നവര്‍ പിഴ ശിക്ഷ അടക്കമുള്ള നിയമനടപടികള്‍ക്ക് വിധേയരാകേണ്ടി വരും. യൂണിയന് കോഓപ്പറേറ്റീവ് സൊസൈറ്റികള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍, ഫാര്‍മസികള്‍, ഭക്ഷ്യ-മരുന്ന് ഡെലിവറികള്‍ എന്നിവ സാധാരണ പോലെ പ്രവര്‍ത്തിക്കും. ഭക്ഷ്യവസ്തുക്കള്‍ വാങ്ങാന്‍ ഒരു വീട്ടില്‍ നിന്ന് ഒരാള്‍ മാത്രമേ വരാന്‍ പാടുള്ളൂ.
രോഗ ബാധ കൂടുതലായി കണ്ടെത്തിയ പ്രദേശങ്ങള്‍ അണുവിമുക്തമാക്കല്‍ തുടരുമെന്നും അധികൃതര്‍ അറിയിച്ചു. ജനസാന്ദ്രതയേറിയ സ്ഥലങ്ങളില്‍ ആരോഗ്യ പരിശോധന ഏര്‍പ്പെടുത്തും. ദുബായ് മെട്രോ, ട്രാം എന്നിവ സര്‍വീസ് നിര്‍ത്തിവച്ചതായി ആര്‍ടിഎ അറിയിച്ചു. ഗള്‍ഫിലെ രോഗബാധിതരുടെ എണ്ണം 6453ആയി. 49 മരണമാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.