വാഹനങ്ങളില്‍ നിന്നു മാലിന്യങ്ങള്‍ വലിച്ചെറിയുന്നവരെ പിടികൂടാന്‍ കര്‍ശന നടപടിയുമായി പൊലീസ്. എല്ലാ എമിറേറ്റുകളിലും നിരീക്ഷണം ശക്തമാക്കും. നിയമലംഘകര്‍ക്കു 1,000 ദിര്‍ഹം പിഴയും ലൈസന്‍സില്‍ 6 ബ്ലാക് പോയിന്റുമാണു ശിക്ഷ. സിഗരറ്റ് കുറ്റിയോ ടിഷ്യൂ പേപ്പറോ വലിച്ചെറിഞ്ഞാല്‍ പോലും ഇതു ബാധകമാണ്.
വാര്‍ഷിക വിദ്യാഭ്യാസ ചെലവ് സൂചികയുടെ അടിസ്ഥാനത്തിലാണ് ദുബായില്‍ സ്കൂള്‍ ഫീസ് നിശ്ചയിക്കുന്നത്. ദുബായ് സ്റ്റാറ്റിസ്റ്റിക് സെന്റര്‍ തയാറാക്കുന്ന ഈ കണക്ക് പ്രകാരം മൈനസ് 2.35 ശതമാനമാണ് ഈ വര്‍ഷത്തെ വിദ്യാഭ്യാസ ചെലവ് സൂചിക. വിദ്യാഭ്യാസ മേഖലയില്‍ ചെലവ് വര്‍ധിക്കാത്ത സാഹചര്യത്തില്‍ സ്വകാര്യ സ്കൂളുകള്‍ പുതിയ അക്കാദമിക വര്‍ഷം ഫീസ് വര്‍ധിപ്പിക്കേണ്ടതില്ല എന്നാണ് ക്നോളജ് ഹ്യൂമന്‍ ഡെവലപ്മെന്റ് അതോറിറ്റിയുടെ തീരുമാനം.
ദുബായ് സിലിക്കണ്‍ ഒയാസിസിലാണ് റോഡ് വയര്‍ലെസ് ചാര്‍ജറായി ഇലക്ട്രിക് വാഹനങ്ങള്‍ റീചാര്‍ജ് ചെയ്യുന്ന സംവിധാനം പ്രവര്‍ത്തനമാരംഭിച്ചത്. ഷേപ്പ്ഡ് മാഗ്നറ്റിക് ഫീല്‍ഡ് ഇന്‍ റെസൊണന്‍സ് അഥവാ എസ്എംഎഫ്ഐആര്‍ എന്ന സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് 60 മീറ്റര്‍ മാത്രം നീളമുള്ള ഈ ചാര്‍ജര്‍ പാതയിലൂടെ കടന്നുപോകുന്ന വാഹനങ്ങള്‍ ചാര്‍ജ് ചെയ്യപ്പെടുക.
നേരത്തേ ഏക വൈറോളജി ലാബിലാണ് യു.എ.ഇയില്‍ കെറോണ വൈറസ് സ്ഥിരീകരിക്കാന്‍ പരിശോധന നടത്തിയിരുന്നത്. ഇപ്പോള്‍ കൂടുതല്‍ വൈറോളജി ലാബുകളുമായി പരിശോധനക്ക് സംവിധാനം ഏര്‍പ്പെടുത്തി. ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശം പാലിച്ചായിരിക്കും നടപടികള്‍. കൊറോണ സംശയിക്കുന്നവരെ സുരക്ഷിതമായി കൈകാര്യം ചെയ്യുന്നതിനുള്ള നടപടിക്രമങ്ങള്‍ക്കും മന്ത്രാലയം അന്തിമ രൂപം നല്കി.
ഇന്നും നാളെയും ഒറ്റപ്പെട്ട മഴയ്ക്കു സാധ്യതയുണ്ടെന്നും തണുപ്പു കൂടുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. താപനില 14% ഡിഗ്രി സെല്‍ഷ്യസ് വരെ താഴുമെന്നാണു സൂചന. പര്‍വതമേഖലകളില്‍ വീണ്ടും കുറയും. ഷാര്‍ജയിലും വടക്കന്‍ എമിറേറ്റുകളിലും പൊടിക്കാറ്റുമുണ്ട്. ദൂരക്കാഴ്ച കുറഞ്ഞതുമൂലം വാഹനയാത്രക്കാര്‍ ബുദ്ധിമുട്ടി. ഒമാനിലും തണുത്ത കാലാവസ്ഥ തുടരുന്നു. വിവിധ ഗവര്‍ണറേറ്റുകളില്‍ തണുത്ത കാറ്റ് ശക്തമാണ്.
സെന്‍ട്രല്‍ ബാങ്കിന്റെ പൂര്ണമേല്നോട്ടത്തിലായിരിക്കും ഫിനാന്‍ഷ്യല്‍ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ റെഗുലേറ്ററി ഫ്രെയിംവര്‍ക്ക് എന്ന ചട്ടക്കൂട് രൂപപ്പെടുത്തുക. ഇടപാടുകളുടെ സുതാര്യത, ഗുണമേന്മ, പരാതികള്‍ക്ക് സമയബന്ധിത പരിഹാരം, തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ഫലപ്രദമായ സംവിധാനം എന്നിവക്ക് പ്രാധാന്യം നല്‍കുന്നതായിരിക്കും പുതിയ ചട്ടങ്ങള്‍. ഇതിന് മുന്നോടിയായി സെന്‍ട്രല്‍ ബാങ്ക് ഉപഭോക്തൃസംരക്ഷണ വകുപ്പിന് തുടക്കം കുറിച്ചിട്ടുണ്ട്.
വന്‍തുക വായ്പയെടുത്ത് നാട്ടിലേക്ക് മുങ്ങിയ മലയാളികള്‍ ഉള്‍പ്പെടെ ഇന്ത്യക്കാര്‍ക്കെതിരെ നിയമ നടപടിയുമായി യു.എ.ഇ ബാങ്കുകള്‍. യു.എ.ഇ സിവില്‍ കോടതി വിധികള്‍ ഇന്ത്യയിലെ ജില്ലാ കോടതികള്‍ മുഖേന നടപ്പാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം മുന്‍നിര്‍ത്തിയാണ് ബാങ്കുകളുടെ ഈ നീക്കം. വിവിധ സംസ്ഥാനങ്ങളിലെ പൊലിസ് സേനയുമായി സഹകരിച്ചാവും പ്രതികളെ കണ്ടെത്തുക.
യുഎഇയില്‍ കൊറോണ വൈറസ് ബാധിച്ചാല്‍ സൗജന്യ ചികിത്സയെന്ന് ആരോഗ്യമന്ത്രാലയം. ഇന്‍ഷുറന്‍സ് ഇല്ലാത്തവര്‍ക്കും ചികിത്സ ലഭ്യമാക്കും. ഇതുസംബന്ധിച്ച് ആശുപത്രികള്‍ക്ക് നിര്‍ദേശം നല്കി.
നഗരത്തില്‍ സ്മാര്‍ട്ട് പാര്‍ക്കിങ് മീറ്ററുകള്‍ വ്യാപകമാകുന്നു. 1400 പുതിയ മെഷീനുകള്‍ ഈ വര്‍ഷം ഏര്‍പ്പെടുത്തും. പ്രധാന കേന്ദ്രങ്ങളിലൊക്കെയും പുതിയ മീറ്ററുകള്‍ സ്ഥാനം പിടിച്ചുകഴിഞ്ഞു. പരീക്ഷണാടിസ്ഥാനത്തില്‍ സ്ഥാപിച്ച സ്മാര്‍ട്ട് മീറ്ററുകള്‍ വിജയകരമാണെന്ന് കണ്ടതോടെയാണ് ദുബായില്‍ എല്ലായിടത്തും വ്യാപിപ്പിക്കാനുള്ള തീരുമാനം.
ദുബായ്- കോഴിക്കോട് ഐഎ 938 വിമാനത്തിലും ഷാര്‍ജ- കോഴിക്കോട് ഐഎ 998 വിമാനത്തിലും യാത്രചെയ്യാന്‍ മാര്‍ച്ച് 25ന് മുന്‍പ് ടിക്കറ്റെടുക്കുന്നവര്‍ക്ക് ബിസിനസ് ക്ലാസില്‍ 50 കിലോയും ഇക്കോണമി ക്ലാസില്‍ 40 കിലോയും കൊണ്ടുപോകാമെന്ന് അധികൃതര്‍ അറിയിച്ചു. അടുത്തമാസം 25നകം യാത്ര ചെയ്യുന്നവര്‍ക്കാണ് ആനുകൂല്യം ലഭിക്കുക.