2018ന്റെ മൂന്നാം ത്രൈമാസ പാദത്തില്‍ ദോഹ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് എത്തിയത് ഒരു കോടിയോളം യാത്രക്കാര്‍. ജൂലൈ, ആഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളിലായി 96.8 ലക്ഷം യാത്രക്കാരാണ് ഹമദ് വിമാനത്താവളം വഴി പോകുകയും വരുകയും ചെയ്തത്.
അല്‍ റയ്യാനിലെ നവീകരിച്ച ബിന്‍ സാബിന് ഇന്റര്‍ചേഞ്ച് നാളെ ഗതാഗതത്തിനു തുറക്കും. അല്‍ ലബ്ദായ റൗണ്ട് എബൗട്ടില്‍നിന്ന് ഇന്റര്‍ചേഞ്ചിലേക്കുള്ള പുതിയ റോഡും ഇതിനൊപ്പം തുറക്കും. ഇതോടെ അല്‍ വാബ് മേഖലയിലെ ഗതാഗതം ഏറെ സുഗമമാണെന്ന് അഷ്ഗാല്‍ അറിയിച്ചു.
ദോഹ ഹെല്‍ത്ത്കെയര്‍ വാരത്തിന് മുന്നോടിയായി പറക്കും കണ്ണാശുപത്രി ദോഹയിലേക്ക് എത്തുന്നു. ഓര്‍ബിസിന്റെ വിമാന കണ്ണാശുപത്രി ഒക്ടോബര്‍ അവസാനമാണ് ദോഹ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുക. നവംബര്‍ 12 വരെ ദോഹയിലുണ്ടാകുന്ന വിമാനത്തിന്റെ ആതിഥേയര്‍ ഖത്തര്‍ എയര്‍വേസ് ആണ്.
ഖത്തറിലെ ഇന്ത്യക്കാരുടെ പരാതികള്‍ കേള്‍ക്കാനും പരിഹരിക്കാനുമായി ഇന്ത്യന്‍ എംബസി പ്രതിമാസ ഓപ്പണ്‍ ഹൗസ് സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ 25നു വൈകിട്ടു മൂന്നിന് എംബസി പരിസരത്താണ് ഓപ്പണ്‍ ഹൗസ് നടക്കുന്നത്.
ഖത്തറില്‍ കനത്ത മഴ തുടരാന്‍ സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശം. വിവിധ ഡിപ്പാര്‍ട്ട്മെന്റുകളുടെ സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിക്കണമെന്നും ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും മന്ത്രാലയം നിര്‍ദേശിച്ചു.
ജീവകാരുണ്യ മേഖലയില്‍ മികച്ച സേവനം കാഴ്ചവയ്ക്കുന്ന വ്യക്തികള്‍ക്കും സംഘടനകള്‍ക്കും പ്രോല്‍സാഹനമേകാന്‍ 10 ലക്ഷം റിയാലിന്റെ സമ്മാനങ്ങളുമായി ഷെയ്ഖ് ഈദ് അല്‍താനി വഖഫ്. ആദ്യ ഷെയ്ഖ് ഈദ് ഹ്യുമാനിറ്റേറിയന്‍ അവാര്‍ഡിന് ഇന്നുമുതല്‍ 2019 ജനുവരി 15വരെ നാമനിര്‍ദേശം സമര്‍പ്പിക്കാം.
ഹൃദയാഘാതത്തെ തുടര്‍ന്ന് ഖത്തറില്‍ മലയാളി യുവാവ് മരിച്ചു. തൃപ്രങ്ങോട് ആനപ്പടിയിലെ അമലത്ത് മണികണ്ഠന്- സുനിത ദമ്പതികളുടെ മകന് ശ്യാംജിത് (23) ആണ് മരിച്ചത്.
എട്ടാമത് ഖത്തര്‍ മോട്ടോര്‍ ഷോയ്ക്ക് ദോഹയില്‍ തുടക്കമായി. ദോഹ എക്സിബിഷന് ആന്റ് കണ്വെന്ഷന് സെന്ററില്‍ നടക്കുന്ന മോട്ടോര്‍ ഷോയില്‍ 165 ലേറെ മോഡല്‍ കാറുകളാണ് പ്രദര്‍ശനത്തിനുള്ളത്. ആദ്യ ദിനം തന്നെ പതിനാല് പുതിയ മോഡലുകള്‍ ഷോയില്‍ വെച്ച് അവതരിപ്പിച്ചു.
കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തിലേക്ക് എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂര്‍- ദോഹ വിമാനം ഡിസംബര്‍ പത്തിനു സര്‍വീസ് ആരംഭിച്ചേക്കും. കണ്ണൂരില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ രാജ്യാന്തര വിമാനങ്ങളുടെ സമയക്രമം ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ(ഡിജിസിഎ) പരിഗണനയിലാണ്.
ഖത്തറില്‍ ഈ മാസം 28 മുതല്‍ വിദേശികള്‍ക്ക് എക്സിറ്റ് പെര്‍മിറ്റ് വേണ്ട. അംഗീകൃത വിദേശ തൊഴിലാളികള്‍ക്ക് സ്പോണ്‍സറുടെ അനുമതിയില്ലാതെ രാജ്യത്തിന് പുറത്തുപോകാന്‍ കഴിയും.