Currency

മൂന്ന് മാസത്തിനിടെ ഹമദ് വിമാനത്താവളത്തില്‍ 96.8 ലക്ഷം യാത്രക്കാര്‍

സ്വന്തം ലേഖകന്‍Friday, October 26, 2018 11:24 am

ദോഹ: 2018ന്റെ മൂന്നാം ത്രൈമാസ പാദത്തില്‍ ദോഹ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് എത്തിയത് ഒരു കോടിയോളം യാത്രക്കാര്‍. ജൂലൈ, ആഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളിലായി 96.8 ലക്ഷം യാത്രക്കാരാണ് ഹമദ് വിമാനത്താവളം വഴി പോകുകയും വരുകയും ചെയ്തത്. 5,38,551 ടണ്‍ കാര്‍ഗോയും ഈ കാലയളവില്‍ കൈകാര്യം ചെയ്തു. ജൂലൈ മാസത്തില്‍ 34,01,880ഉം ആഗസ്റ്റില്‍ 34,59,518ഉം സെപ്റ്റംബറില്‍ 28,21,928ഉം യാത്രക്കാരാണ് ഹമദ് വിമാനത്താവളത്തെ ഉപയോഗപ്പെടുത്തിയത്. 2017ലെ മൂന്നാം പാദത്തെ അപേക്ഷിച്ച് ഈ വര്‍ഷം യാത്രക്കാരുടെ എണ്ണത്തില്‍ 10.6 ശതമാനം വര്‍ധനവും രേഖപ്പെടുത്തിയിട്ടുണ്ട്.

യാത്രക്കാര്‍, വിമാനങ്ങള്‍, കാര്‍ഗോ എന്നീ മേഖലകളില്‍ എല്ലാം മികച്ച വളര്‍ച്ച കൈവരിച്ച ഹമദ് അന്താരാഷ്ട്ര വിമാനത്താവളം ലോകതലത്തില്‍ തന്നെ മുന്‍നിരയിലുള്ള യാത്രാകേന്ദ്രമായി മാറുകയാണ്. യാത്രക്കാര്‍ക്ക് പ്രയാസങ്ങളില്ലാതെ എല്ലാ സേവനങ്ങളും ലഭ്യമാക്കുന്നതിലാണ് ശ്രദ്ധ പുലര്‍ത്തുന്നതെന്ന് ഹമദ് അന്താരാഷ്ട്ര വിമാനത്താവളം ചീഫ് ഓപറേറ്റിങ് ഓഫിസര്‍ ബദ്ര്‍ മുഹമ്മദ് അല്‍ മീര്‍ പറഞ്ഞു. 2022ഓടെ പ്രതിവര്‍ഷം അഞ്ച് കോടി യാത്രക്കാരെ ഉള്‍ക്കൊള്ളാനുള്ള ശേഷിയാണ് വിമാനത്താവളത്തിനുണ്ടാകുകയെന്നും അദ്ദേഹം പറഞ്ഞു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x