അബു ഹമൂറിലെ പച്ചക്കറി മൊത്തച്ചന്ത റോഡുവികസന പദ്ധതിയുടെ ഭാഗമായി 4 റൗണ്ട്എബൗട്ടുകള്‍ സിഗ്നല്‍ നിയന്ത്രിതഇന്റര്സെക്ഷനുകളാക്കി. ഹോള്‍സെയില്‍ മാര്‍ക്കറ്റ്, അല്‍ മഷാതില്, അബു ഹമൂര്‍ സ്ട്രീറ്റിനെയും അല്‍ സിദര്‍ സ്ട്രീറ്റിനെയും ബന്ധിപ്പിക്കുന്ന വാദി അല്‍ ഗദീരിയത് ഇന്റര്‍സെക്ഷനുകളാണ് അഷ്ഗാല്‍ ഇന്നലെ ഗതാഗതത്തിനു തുറന്നു നല്‍കിയത്.
നഗരസഭ പരിസ്ഥിതി മന്ത്രാലയത്തിലെ കാര്‍ഷികകാര്യ വിഭാഗം സംഘടിപ്പിക്കുന്ന നാലാമതു പ്രാദേശിക ഈന്തപ്പഴ ഉല്‍സവത്തിന് ഇന്നു സൂഖ് വാഖിഫില്‍ തുടക്കമാകും. 40 ഫാമുകളില്‍ നിന്നുള്ള പഴങ്ങളാണു വില്പനയ്ക്കെത്തിക്കുന്നത്.
ദോഹ മെട്രോയുടെ ട്രെയിനുകള്‍ കഴുകി വൃത്തിയാക്കാനുള്ള ‘ട്രെയിന്‍ വാഷ് സിസ്റ്റം’ സജ്ജമായി. ജര്‍മന്‍ കമ്പനിയായ ക്രൈസ്റ്റ് വാഷ് സിസ്റ്റംസ് ആണ് ദോഹ മെട്രോ ട്രെയിനുകള്‍ കഴുകി വൃത്തിയാക്കാനുള്ള ഓട്ടമാറ്റിക് സംവിധാനം തയാറാക്കിയിട്ടുള്ളത്.
സെപ്റ്റംബറില്‍ ദോഹയിലെ ഇന്ത്യന്‍ എംബസി 4989 പാസ്പോര്ട്ടുകള് അനുവദിച്ചു. പാസ്പോര്‍ട്ടുമായി ബന്ധപ്പെട്ട മറ്റ് 1504 സേവനങ്ങളും ലഭ്യമാക്കി. 693 വീസകള്‍, 15 ഓവര്‍സീസ് സിറ്റിസന്‍ ഓഫ് ഇന്ത്യ (ഒസിഐ) കാര്‍ഡുകള്‍, 280 ജനന റജിസ്ട്രേഷന്, 109 എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയും നല്കി.
ലോകകപ്പ് ഫുട്ബോള്‍ നടക്കുന്ന 2022 ഓടെ ലോകമെമ്പാടുമുള്ള 250 നഗരങ്ങളിലേക്ക് കൂടി സര്‍വീസ് ആരംഭിക്കുമെന്ന് ഖത്തര്‍ എയര്‍വേയ്സ്. ഇതോടെ ഏറെക്കുറെ ലോകത്തിലെ എല്ലാ നഗരങ്ങളിലേക്കും ഖത്തര്‍ എയര്‍വേയ്സിന് സര്‍വീസുണ്ടാകും.
രാജ്യത്തെ വരും ദിവസത്തെ പ്രഭാത വേളകളില്‍ മൂടല്‍ മഞ്ഞിന്റെ സാന്നിധ്യം അനുഭവപ്പെടുമെന്നു കാലാവസ്ഥ വിഭാഗം അറിയിച്ചു. ദൂരകാഴ്ച പരിധി മൂന്ന് കിലോമീറ്റര്‍ വരെ ചുരുങ്ങുമെന്നതിനാല്‍ വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണം.
ഖത്തറില്‍ സ്പോണ്‍സറുടെ അനുമതിയില്ലാതെ രാജ്യം വിടാനുള്ള അനുമതി അടുത്ത മാസം ആദ്യം നിലവില്‍ വന്നേക്കും. എക്സിറ്റ് പെര്‍മിറ്റ് പൂര്‍ണമായും എടുത്ത് കളഞ്ഞുകൊണ്ടുള്ള നിയമഭേദഗതി ഈ മാസാവസാനത്തോടെ പ്രാബല്യത്തില്‍ വരുമെന്ന് ഇന്റര്‍നാഷണല്‍ ട്രേഡ് യൂണിയന് കോണ്‍ഫെഡറേഷന്‍ മേധാവി വ്യക്തമാക്കി.
ഇന്ത്യയിലേക്കും മറ്റ് ഏഷ്യന്‍ നഗരങ്ങളിലേക്കും യാത്ര ചെയ്യുന്നവര്‍ക്ക് അഞ്ച് ദിവസത്തെ ഓഫറുമായി ജെറ്റ് എയര്‍വേഴ്സ്. 30 ശതമാനം വരെ നിരക്കിളവ് ലഭിക്കുന്ന ഓഫറാണ് ജെറ്റ് എയര്‍വേഴ്സ് പ്രഖ്യാപിച്ചിരിക്കുന്നത്. ഒക്ടോബര്‍ അഞ്ച് മുതല്‍ ഒമ്പത് വരെ ടിക്കറ്റ് എടുക്കുന്നവര്‍ക്കാണ് ഈ ഓഫര്‍ ആനുകൂല്യം ലഭിക്കുക.
തൃശൂര്‍ സ്വദേശി ദോഹയില്‍ നിര്യാതനായി. കാഞ്ഞാണി കാരമുക്ക് സ്വദേശി കുറ്റൂക്കാരന്‍ ജോസിന്റെ മകന് ലിജോ ജോസാ(37)ണ് മരിച്ചത്. അപകടമരണമായിരുന്നു. ഇന്‍ഡസ്ട്രിയല്‍ ഏരിയ 38 ല്‍ സൂപ്പര്‍വൈസറായി ജോലി ചെയ്യുകയായിരുന്നു.
ആഡംബര നഗരമായ ലുസെയ്ലില്‍ വിദേശികള്‍ക്കു ഭൂമിവാങ്ങാന്‍ അനുമതി നല്കുന്നതിനു നഗരസഭ പരിസ്ഥിതി മന്ത്രാലയം സമര്‍പ്പിച്ച നിര്‍ദേശത്തിനു മന്ത്രിസഭയുടെ അംഗീകാരം. പ്രധാനമന്ത്രി ഷെയ്ഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍താനിയുടെ അധ്യക്ഷതയില്‍ ഇന്നലെ അമീരി ദീവാനില്‍ ചേര്‍ന്ന മന്ത്രിസഭായോഗമാണു നിര്‍ദേശത്തിന് അംഗീകാരം നല്‍കിയത്.