Currency

മെട്രോയെ കുളിപ്പിക്കാന്‍ ഓട്ടമാറ്റിക് സംവിധാനം

സ്വന്തം ലേഖകന്‍Saturday, October 13, 2018 8:47 pm

ദോഹ: ദോഹ മെട്രോയുടെ ട്രെയിനുകള്‍ കഴുകി വൃത്തിയാക്കാനുള്ള ‘ട്രെയിന്‍ വാഷ് സിസ്റ്റം’ സജ്ജമായി. ജര്‍മന്‍ കമ്പനിയായ ക്രൈസ്റ്റ് വാഷ് സിസ്റ്റംസ് ആണ് ദോഹ മെട്രോ ട്രെയിനുകള്‍ കഴുകി വൃത്തിയാക്കാനുള്ള ഓട്ടമാറ്റിക് സംവിധാനം തയാറാക്കിയിട്ടുള്ളത്. മിനിറ്റുകള്‍ക്കുള്ളില്‍ ട്രെയിന്‍ പൂര്‍ണമായും കഴുകി വൃത്തിയാക്കുന്ന രീതിയിലാണ് ഇതിന്റെ പ്രവര്‍ത്തനം.

ട്രെയിനിന്റെ എല്ലാ ഭാഗങ്ങളും ഒരേ സമയം കഴുകി വൃത്തിയാക്കുന്ന സംവിധാനമാണു ട്രെയിന്‍ വാഷ് സിസ്റ്റം. പ്രത്യേക സ്ഥലത്ത് ഉറപ്പിച്ചു നിര്‍ത്തിയിട്ടുള്ള ട്രെയിന്‍ വാഷ് സംവിധാനത്തിലൂടെ ട്രെയിന്‍ കടത്തി വിടുകയാണ് ഇതില്‍ ചെയ്യുക. ട്രെയിന്‍ മറുവശത്ത് എത്തുമ്പോഴേക്കും പൂര്‍ണമായും കഴുകി വൃത്തിയാക്കിയിരിക്കും.

മെട്രോ ട്രെയിനുകളുടെ പ്രത്യേകതകള്‍ കണക്കിലെടുത്താണ് ട്രെയിന്‍ വാഷ് സംവിധാനം സജ്ജമാക്കുക. ട്രെയിനുകളുടെ വലുപ്പം, ഡിസൈന്‍ എന്നിവയ്‌ക്കെല്ലാം അനുസരിച്ച് ഉപയോഗപ്പെടുത്തുന്ന ബ്രഷുകളുടെ എണ്ണത്തിലും വ്യത്യാസം വരും. വശങ്ങളിലും മുകളിലുമായി പല വലുപ്പത്തിലുള്ള ബ്രഷുകള്‍ ക്രമീകരിക്കും. ട്രെയിനുകള്‍ ഇതിനുള്ളിലൂടെ കടത്തി വിടുമ്പോള്‍ ആവശ്യാനുസരണം വെള്ളം ചീറ്റിയും ബ്രഷുകള്‍ ക്രമീകരിച്ചും കഴുകാന്‍ തുടങ്ങും. കഴുകാന്‍ പല രീതികളുണ്ട്. ഏതു രീതി വേണമെങ്കിലും തിരഞ്ഞെടുക്കാം. സോപ്പു പത ഉപയോഗിച്ചും അല്ലാതെയും കഴുകാം. വെള്ളത്തിന്റെ ഉപയോഗം കുറയ്ക്കാനുമാവും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x