Currency

ഖത്തറില്‍ എന്‍.ഒ.സി ഇല്ലാതെ തൊഴില്‍ മാറാം; പുതിയ നടപടിക്രമങ്ങള്‍ ഇങ്ങനെ

സ്വന്തം ലേഖകന്‍Sunday, September 6, 2020 4:40 pm

ദോഹ: ഖത്തറില്‍ എന്‍.ഒ.സി ഇല്ലാതെ തൊഴില്‍ മാറുന്നതിനുള്ള വിവിധ നടപടിക്രമങ്ങള്‍ തൊഴില്‍ ഭരണകാര്യ സാമൂഹിക കാര്യമന്ത്രാലയം പുറത്തിറക്കി. അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയാണ് തൊഴില്‍ രംഗത്ത് വിപ്ലവമാകുന്ന പുതിയ നിയമഭേദഗതികള്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. എന്‍ഒസി ഇല്ലാതെ തന്നെ തൊഴിലാളിക്ക് പുതിയ ജോലിയിലേക്ക് മാറാമെന്നതായിരുന്നു പ്രധാന ഉത്തരവുകളിലൊന്ന്. ഇത് സംബന്ധിച്ചുള്ള കൂടുതല്‍ വിശദാംശങ്ങളാണ് തൊഴില്‍ സാമൂഹ്യകാര്യമന്ത്രാലയം പുറത്തുവിട്ടത്.

തൊഴില്‍ മാറുന്ന വിവരം നേരത്തെ തന്നെ തൊഴിലുടമയെ അറിയിക്കുകയും പുതിയ തൊഴിലുടമ നല്‍കുന്ന ഓഫര്‍ ലെറ്റര്‍ സമര്‍പ്പിക്കുകയും വേണം. ഇതിനായി തൊഴില്‍ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ പ്രത്യേക ഓപ്ഷന്‍ സജ്ജീകരിച്ചിട്ടുണ്ട്. തൊഴില്‍ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ ഇതിനായി സജ്ജീകരിച്ചിട്ടുള്ള പ്രത്യേക ഓപ്ഷന്‍ വഴി ഇ നോട്ടിഫിക്കേഷനാണ് നല്‍കേണ്ടത്. തൊഴില്‍ മന്ത്രാലയത്തിന്റെ ‘ചെയ്ഞ്ച് ഓഫ് എംപ്ലോയര്‍ ഫോറം, തൊഴില്‍ മന്ത്രാലയം സാക്ഷ്യപ്പെടുത്തിയ മുന്‍ തൊഴില്‍ ഉടമയുമായുള്ള തൊഴില്‍കരാറിന്റെ കോപ്പി, പുതിയ തൊഴിലുടമ നല്‍കുന്ന അറബിയിലുള്ള തൊഴില്‍ ഓഫര്‍ ലെറ്റര്‍ തുടങ്ങിയ ഇതിനൊപ്പം സമര്‍പ്പിക്കണം. തൊഴില്‍ മാറ്റം അംഗീകരിക്കപ്പെടുന്ന മുറയ്ക്ക് തൊഴില്‍ മന്ത്രാലയത്തില്‍ നിന്ന് തൊഴില്‍ ഉടമക്കും തൊഴിലാളിക്കും മൊബൈല്‍ എസ്എംസ് ലഭിക്കും.

ഇരുവരും ഒപ്പുവെച്ച പുതിയ തൊഴില്‍കരാര്‍ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്യണം. 60 റിയാല്‍ ഇതിന് ഫീസായി അടക്കുകയും വേണം. പുതിയ തൊഴില്‍ കരാര്‍ നിലവില്‍ വന്നാല്‍ തൊഴിലുടമ പുതിയ ഖത്തര്‍ തിരിച്ചറിയല്‍ കാര്‍ഡ് അഥവാ ക്യു.ഐ.ഡിക്കായി ആഭ്യന്തരമന്ത്രാലയത്തില്‍ അപേക്ഷ നല്‍കണം. ഈ നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയായാല്‍ തൊഴിലാളിക്ക് പുതിയ ജോലിയില്‍ പ്രവേശിക്കാനാകും. തൊഴിലാളിക്ക് തൊഴില്‍ ഉടമ പുതിയ ഖത്തര്‍ ഐഡിയും ഹെല്‍ത്ത് കാര്‍ഡും ലഭ്യമാക്കണം.

പ്രൊബേഷന്‍ കാലാവധിയില്‍ തൊഴിലാളി ജോലി മാറാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ തൊഴിലുടമ അയാള്‍ക്ക് ഒരു മാസത്തെയെങ്കിലും നോട്ടീസ് പീരിയഡ് നല്‍കിയിരിക്കണമെന്നും നിബന്ധനകളിലുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x