
മസ്കത്ത്: രാജ്യത്ത് പകര്‍ച്ചവ്യാധികളുടെ എണ്ണം കുത്തനെ കുറഞ്ഞതായി റിപ്പോര്‍ട്ട്. ദേശീയ സ്ഥിതി വിവര കേന്ദ്രത്തിന്റെ റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ വര്‍ഷം വൈറല്‍ ഹെപ്പറ്റൈറ്റിസ്, വില്ലന്‍ ചുമ, ചിക്കന്‍പോക്സ്, മുണ്ടിനീര്, അഞ്ചാംപനി ബാധകളുടെ എണ്ണത്തില്‍ 89 ശതമാനത്തിന്റെ കുറവാണ് ഉണ്ടായത്. പ്രതിരോധ കുത്തിവെപ്പ് കാമ്പയിനുകളുടെ കാര്യക്ഷമമായ നടത്തിപ്പാണ് രാജ്യത്ത് കഴിഞ്ഞ വര്‍ഷം പകര്‍ച്ചവ്യാധികളുടെ വ്യാപനം വലിയ തോതില്‍ കുറക്കാന്‍ സഹായിച്ചതെന്ന് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.
ചിക്കന്‍പോക്സ് ബാധിതരുടെ എണ്ണത്തിലാണ് വലിയ കുറവുണ്ടായത്. 2017ല്‍ 18,967 രോഗബാധ റിപ്പോര്‍ട്ട് ചെയ്തത് കഴിഞ്ഞ വര്‍ഷം 9241 ആയി കുറഞ്ഞു. 51 ശതമാനമാണ് കുറവ്. ശതമാന കണക്കിലെ കുറവ് നോക്കുമ്പോള്‍ മുണ്ടിനീരാണ് മുന്നില്‍. 2017ല്‍ 1390 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് കഴിഞ്ഞ വര്‍ഷം 151 ആയി കുറഞ്ഞു. 89.1 ശതമാനത്തിന്റെ കുറവാണ് ഉണ്ടായത്.
വൈറല്‍ ഹെപ്പറ്റൈറ്റിസ് ബാധ 1628ല്‍ നിന്ന് 593 ആയും വില്ലന്‍ ചുമ 517ല്‍നിന്ന് 128 ആയും അഞ്ചാംപനി 97ല്‍നിന്ന് 12 ആയും കുറഞ്ഞതായി ദേശീയ സ്ഥിതിവിവര കേന്ദ്രത്തിന്റെ റിപ്പോര്‍ട്ട് പറയുന്നു. ആരോഗ്യ മന്ത്രാലയം സ്വകാര്യ ആശുപത്രികളുടെയടക്കം സഹകരണത്തോടെ ഒമാന്റെ ഉള്ഭാഗങ്ങളിലടക്കം രോഗപ്രതിരോധ കാമ്പയിനുകള്‍ സജീവമാക്കിയത് പകര്‍ച്ചവ്യാധിയുടെ എണ്ണത്തിലെ കുറവിന് വലിയ തോതില്‍ സഹായകരമായിട്ടുണ്ട്.
ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്നത് സംബന്ധിച്ച് സ്കൂളുകളിലും കോളജുകളിലും ആരോഗ്യ ബോധവത്കരണ പരിപാടികളും ആരോഗ്യ മന്ത്രാലയം സംഘടിപ്പിക്കുന്നുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.