ദോഹ: ഖത്തറില്‍ ഗാര്‍ഹിക തൊഴിലാളികളുള്‍പ്പെടെ മുഴുവന്‍ തൊഴിലാളികള്‍ക്കും നിര്‍ബന്ധിത മിനിമം വേതനം നിശ്ചയിച്ചുകൊണ്ട് സര്‍ക്കാര്‍ നടപ്പാക്കിയ നിയമം നിലവില്‍ വന്നു. തൊഴിലാളിയും തൊഴിലുടമയും തമ്മിലുള്ള ബന്ധം ഊഷ്മളമാക്കുന്നതും തൊഴിലാളികള്‍ക്ക് ഏറ്റവും മികച്ചതും സുരക്ഷിതവുമായ തൊഴില്‍ അന്തരീക്ഷം ഉറപ്പാക്കുന്നതുമാണ് പുതിയ നിയമമെന്ന് തൊഴില്‍ മന്ത്രാലയം പറഞ്ഞു. കഴിഞ്ഞ സെപ്തംബറില്‍ നിയമം പ്രഖ്യാപിച്ചിരുന്നെങ്കിലും നടപ്പില്‍ വരുത്തുന്നതിന് കമ്പനികള്‍ക്ക് ആറ് മാസത്തെ സമയം അനുവദിച്ചിരുന്നു.
നിയമമനുസരിച്ച് ഒരു തൊഴിലാളിക്ക് ലഭിക്കേണ്ട ഏറ്റവും കുറഞ്ഞ അടിസ്ഥാന ശമ്പളം ആയിരം റിയാലാണ്. പുറമെ അഞ്ഞൂറ് റിയാല്‍ താമസ സൗകര്യത്തിനും മുന്നൂറ് റിയാല്‍ ഭക്ഷണത്തിനും നല്‍കണം. ഭക്ഷണവും താമസവും തൊഴിലാളി വഹിക്കണമെങ്കില്‍ 1800 റിയാല്‍ മിനിമം ശമ്പളമായി നല്‍കണം. തൊഴില്‍ കരാറില്‍ ഇത് കൃത്യമായി കാണിച്ചിരിക്കണം.
പുതിയ നിയമമനുസരിച്ചുള്ള വേതനം ഉറപ്പാക്കാത്ത തൊഴിലുടമകള്‍ക്കെതിരെ തൊഴിലാളിക്ക് പരാതി നല്‍കാം. പുതിയ തൊഴില്‍ കരാറുകള്‍ക്ക് മന്ത്രാലയം അനുമതി നല്‍കണമെങ്കില്‍ ഈ മിനിമം വേതനം നല്‍കേണ്ടിയും വരും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.