Currency

റൂവി സി.ബി.ഡിയില്‍ ബഹുനില പാര്‍ക്കിങ് കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നു

സ്വന്തം ലേഖകന്‍Wednesday, October 30, 2019 12:57 pm

മസ്‌കത്ത്: റൂവി സി.ബി.ഡി മേഖലയില്‍ മൂന്ന് ബഹുനില പാര്‍ക്കിങ് കേന്ദ്രങ്ങള്‍ നിര്‍മിക്കുന്നു. നിര്‍മാണത്തിനായി മസ്‌കത്ത് നഗരസഭ സ്വകാര്യ കമ്പനിയുമായി കരാര്‍ ഒപ്പിട്ടു. സി.ബി.ഡി മേഖലയിലെ സുഹാര്‍ ഇന്റര്‍നാഷനല്‍ ബാങ്ക്, ഒമാന്‍ പോസ്റ്റ് ഓഫിസ് കെട്ടിടം, ബൈത്തുല്‍ മസ്‌കാന്‍ കെട്ടിടം എന്നിവക്ക് സമീപമാണ് പാര്‍ക്കിങ് സൗകര്യം ഒരുക്കുന്നത്. ഇവ പൂര്‍ത്തിയാകുന്നതോടെ 560 ഓളം വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാനാകുമെന്നാണ് കരുതുന്നത്. ഒന്നോ രണ്ടോ നില പാര്‍ക്കിങ് സൗകര്യം നിര്‍മിക്കാനാണ് പദ്ധതിയിടുന്നതെന്ന് നഗരസഭയിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇതോടെ സി.ബി.ഡി മേഖലയില്‍ പ്രവൃത്തി സമയങ്ങളില്‍ അനുഭവപ്പെടുന്ന ഗതാഗതക്കുരുക്കും പാര്‍ക്കിങ് പ്രശ്‌നങ്ങളും പരിഹരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

നിരവധി ബാങ്കുകള്‍, ട്രാവല്‍ ഏജന്‍സികള്‍, എയര്‍ ഇന്ത്യ അടക്കമുള്ള വിമാന കമ്പനികളുടെ ഓഫിസുകള്‍, ഹോട്ടലുകള്‍, താമസ ഇടങ്ങള്‍ തുടങ്ങിയവയും ഇവിടെയുണ്ട്. ദിവസവും നിരവധിപേര്‍ ഇവിടെ വരുകയും പോവുകയും ചെയ്യുന്നുണ്ട്. ഇത് പ്രവൃത്തി സമയങ്ങളില്‍ വന്‍ ഗതാഗതക്കുരുക്കിന് കാരണമാക്കുന്നുണ്ട്. പാര്‍ക്കിങ് പ്രശ്‌നങ്ങളും ഗതാഗത പ്രശ്‌നങ്ങളും കാരണം ചില കമ്പനികളുടെ ഓഫിസുകള്‍ സി.ബി.ഡി ഏരിയയില്‍നിന്ന് മാറ്റിയിട്ടുണ്ട്. ഇപ്പോള്‍ സ്വകാര്യ കമ്പനിക്ക് കീഴിലുള്ള ബഹുനില പാര്‍ക്കിങ് സൗകര്യം സി.ബി.ഡി ഏരിയയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x