
ദോഹ: ഉരുക്കുവടങ്ങളില്‍ തൂങ്ങി നില്‍ക്കുന്ന, രാജ്യത്തെ ആദ്യ പാലത്തിന്റെ നിര്‍മാണ ജോലികള്‍ തുടങ്ങി. ദോഹ നഗരത്തിന്റെ തെക്കു-വടക്കു ഭാഗങ്ങളെ ബന്ധിപ്പിക്കുന്ന സബാഹ് അല്‍ അഹ്മദ് ഇടനാഴിയുടെ ഭാഗമായാണ് 1.2 കിമീ നീളമുള്ള പാലം നിര്‍മിക്കുന്നത്. മിസൈമീര്‍ റോഡില്‍ നിന്ന് അല്‍ ബുസ്താന്‍ സ്ട്രീറ്റ് വരെയാണ് പാലം.
മിസൈമീര്‍ റോഡില്‍ ഹലൂല്‍ ഇന്റര്‍സെക്ഷനും സല്‍വ റോഡില്‍ ഫാലിഹ് ബിന്‍ നാസര്‍ ഇന്റര്‍ സെക്ഷനും മുകളിലായാണ് തൂക്കുപാലം നിര്‍മിക്കുന്നത്. പൊതുമരാമത്ത് വകുപ്പായ അഷ്ഗാലിനാണ് നിര്‍മാണ ചുമതല. 2021 ഏപ്രിലോടെ നിര്‍മാണം പൂര്‍ത്തിയാകും. അല്‍ സബാഹ് ഇടനാഴിയുടെ ഭാഗമായ ദൈര്‍ഘ്യമേറിയ മേല്‍പാലം അല്‍ബുസ്താന്‍ സ്ട്രീറ്റ് മുതല്‍ ബു ഇറയന്‍ സ്ട്രീറ്റ് വരെയാണ് നീളുന്നത്.
അല്‍വാബ് സ്ട്രീറ്റിനെയും റഷീദ സ്ട്രീറ്റിനെയും മേല്‍പാലം ബന്ധിപ്പിക്കും. പുതിയ പാലത്തില്‍ ഓരോ ദിശയിലേക്കും 4 വരികളുണ്ടാകും. മണിക്കൂറില്‍ 16,000 വാഹനങ്ങള്‍ക്ക് കടന്നുപോകാം. പാലത്തിന്റെ മധ്യഭാഗത്തിന് 30 മീറ്ററാണ് ഉയരം. ഇതിനൊപ്പം ഹലൂല്‍ റൗണ്ട്എബൗട്ട് സിഗ്‌നല്‍ കേന്ദ്രീകൃത ഇന്റര്‍സെക്ഷനാക്കി മാറ്റുന്നുമുണ്ട്. നിര്‍മാണം പൂര്‍ത്തിയാകുമ്പോള്‍ ഇരു ദിശകളിലുമായി 12 വരികളുണ്ടാകും. മാമൂറ ഉള്‍പ്പടെ ദോഹ നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളിലെ പാര്‍പ്പിട മേഖലകളിലേക്കുള്ള ഗതാഗതം ഈ ഇന്റര്‍സെക്ഷന്‍ സുഗമമാക്കും.
ഹലുല്‍ റൗണ്ട്എബൗട്ട് 2 തട്ടുള്ള ഇന്റര്‍ചേഞ്ചാക്കി മാറ്റുന്ന ജോലികളും തുടങ്ങിക്കഴിഞ്ഞു. ഇത് 2020ല്‍ പൂര്‍ത്തിയാകും. ഖത്തറിലെ ഏറ്റവും വലിയ ഇന്റര്‍സെക്ഷന്‍, നീളമേറിയ പാലം, ആഴവും ദൈര്‍ഘ്യവുമേറിയ തുരങ്കം എന്നിവയും സബാഹ് അല്‍ അഹ്മദ് ഇടനാഴി പദ്ധതിയുടെ ഭാഗമാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.