Currency

കോവിഡ് 19; ഇന്ത്യക്കാര്‍ക്ക് കുവൈത്തില്‍ പ്രവേശിക്കാന്‍ സാക്ഷ്യപത്രം ഹാജരാക്കണം

സ്വന്തം ലേഖകന്‍Wednesday, March 4, 2020 11:19 am

കുവൈത്ത് സിറ്റി: ഇന്ത്യ ഉള്‍പ്പെടെ പത്ത് രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് കുവൈത്തിലേക്ക് പ്രവേശനം അനുവദിക്കണമെങ്കില്‍ കോവിഡ് 19 ബാധിതരല്ലെന്നു തെളിയിക്കുന്ന സാക്ഷ്യപത്രം ഹാജരാക്കണമെന്ന് സിവില്‍ ഏവിയേഷന്‍ വകുപ്പ്. അതത് രാജ്യങ്ങളിലെ കുവൈത്ത് എംബസി അംഗീകൃത ഹെല്‍ത് സെന്ററുകളില്‍ നിന്നാണ് കോവിഡ് 19 ബാധിതരല്ല എന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് സ്വന്തമാക്കേണ്ടത്. കുവൈത്ത് എംബസി ഇല്ലാത്ത രാജ്യങ്ങളില്‍ അതത് രാജ്യങ്ങളിലെ ബന്ധപ്പെട്ട അതോറിറ്റി അംഗീകരിച്ച ഹെല്‍ത്ത് സെന്ററുകളുടെ സര്‍ട്ടിഫിക്കറ്റ് മതി. മാര്‍ച്ച് എട്ട് മുതലാണ് പുതിയ തീരുമാനം പ്രാബല്യത്തിലാകുക.

ഇന്ത്യക്കു പുറമെ കോവിഡ് 19 റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഫിലിപ്പീന്‍സ്, ബംഗ്ലാദേശ്, ഈജിപ്ത്, സിറിയ, അസര്‍ബൈജാന്‍, തുര്‍ക്കി, ശ്രീലങ്ക, ജോര്‍ജിയ, ലബനാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്കും നിര്‍ദേശം ബാധകമാണ്. മാര്‍ച്ച് എട്ട് മുതല്‍ മറ്റൊരറിയുപ്പുണ്ടാകുന്നത് വരെ ഈ രാജ്യങ്ങളില്‍ നിന്ന് വരുന്ന യാത്രക്കാര്‍ വിമാനത്താവളത്തില്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.

പുതുതായി എത്തുന്നവര്‍ക്കും ആളുകള്‍ക്കും അവധി കഴിഞ്ഞു തിരിച്ചെത്തുന്നവര്‍ക്കും ഉത്തരവ് ബാധകമാണ്. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയില്ലെങ്കില്‍ അതേ വിമാനത്തില്‍ സ്വന്തം ചെലവില്‍ തിരിച്ചയക്കും. തിരിച്ചയക്കാനുള്ള ചെലവ് കുവൈത്ത് വഹിക്കില്ലെന്നും ഇത്തരക്കാരെ കൊണ്ടുവരുന്ന വിമാനക്കമ്പനികള്‍ക്ക് പിഴ ചുമത്തുമെന്നും സിവില്‍ വ്യോമയാന വകുപ്പു അറിയിച്ചു. അതേസമയം മേല്‍പ്പറഞ്ഞ രാജ്യങ്ങളില്‍ നിന്ന് വരുന്ന കുവൈത്ത് പൗരന്മാര്‍ക്ക് നിര്‍ദേശം ബാധകമല്ല, എന്നാല്‍ പൗരന്മാരെ വിമാനത്താവളത്തില്‍ നിര്‍ബന്ധിത പരിശോധനകള്‍ക്കു വിധേയമാക്കുമെന്നും സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റ് വ്യക്തമാക്കി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x