ആറ് വര്‍ഷത്തെ കൗണ്ട് ഡൗണിന് തുടക്കമിട്ട് ലോകകപ്പ് സംഘാടക സമിതി, സുപ്രിം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലഗസി ഖത്തര്‍ ലോക കപ്പിന്റെ സവിശേഷതകള്‍ പങ്കുവച്ചു.
ദോഹ: ഖത്തര്‍ ആവേശപൂര്‍വ്വം കാത്തിരിക്കുന്നു 2022 ലോകകപ്പ് ചരിത്ര ദിനത്തിനായി. 2022 നവംബര്‍ 21ന് ലുസൈല്‍ സ്റ്റേഡിയത്തിലാണ് മിഡിലീസ്റ്റിലെ ആദ്യ ലോകകപ്പ് ഫുട്‌ബോളിന്റെ കിക്കോഫ്. ആറ് വര്‍ഷത്തെ കൗണ്ട് ഡൗണിന് തുടക്കമിട്ട് ലോകകപ്പ് സംഘാടക സമിതി, സുപ്രിം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലഗസി ഖത്തര്‍ ലോക കപ്പിന്റെ സവിശേഷതകള്‍ പങ്കുവച്ചു.
ടൂര്‍ണമെന്റിന്റെ മുഴുവന്‍ കളിമൈതാനങ്ങളും ഇത്രയും ചുരുങ്ങിയ ദൂരപരിധിക്കുള്ളില്‍ ലഭ്യമാവുന്ന ചരിത്രത്തിലെ ആദ്യ ലോക കപ്പാണിതെന്ന് സംഘാടകര്‍ പറഞ്ഞു. 2022ലെ ലോക കപ്പിന് വേണ്ടി ഒരുങ്ങുന്ന എട്ട് സ്റ്റേഡിയങ്ങളും കേവലം 235 ചതുരശ്ര കിലോമീറ്റര്‍ പരിധിക്കകത്താണ്. ഗ്രേറ്റര്‍ ലണ്ടന്റെ പകുതി വിസ്തീര്‍ണം മാത്രമാണിത്. കാണികള്‍ക്ക് ഒരു ദിവസം തന്നെ ഒന്നിലധികം കളികള്‍ കാണാന്‍ സാധിക്കുമെന്നതും കളിക്കാര്‍ക്കും കാണികള്‍ക്കും ചുരുങ്ങിയ ദൂരം യാത്ര ചെയ്താല്‍ മതിയെന്നതും ഖത്തര്‍ ലോകകപ്പിന്റെ സവിശേഷതയാണ്. സ്റ്റേഡിയങ്ങള്‍ തമ്മിലുള്ള ഏറ്റവും കൂടിയ ദൂരം 55 കിലോമീറ്ററാണ്. അല്‍ഖോറിലെ അല്‍ബെയ്ത്ത് സ്‌റ്റേഡിയവും അല്‍വക്‌റ സ്‌റ്റേഡിയവുമാണ് ഏറ്റവും അകലത്തിലുള്ളത്. അല്‍വഅബിലെ ഖലീഫ ഇന്റര്‍നാഷനല്‍ സ്റ്റേഡിയവും അല്‍റയ്യാനിലെ ഖത്തര്‍ ഫൗണ്ടേഷന്‍ സ്റ്റേഡിയവുമാണ് ഏറ്റവും അടുത്ത്.
ഖത്തര്‍ ലോകകപ്പ് 28 ദിവസങ്ങളില്‍ തീരുമെന്നതും മറ്റൊരു കാരണമാണ്. മറ്റു ലോകകപ്പുകളെ അപേക്ഷിച്ച് നാല് ദിവസം കുറവാണിത്. സാധാരണ ജൂണ്‍, ജൂലൈ മാസങ്ങളില്‍ നടന്നിരുന്ന ടൂര്‍ണമെന്റ് ഖത്തറിലെ ചൂട് പരിഗണിച്ച് നവംബര്‍, ഡിസംബറിലേക്ക് മാറ്റിയതിനെ തുടര്‍ന്നാണ് ദിവസങ്ങള്‍ കുറച്ചത്. എയര്‍പോര്‍ട്ട്, താമസ സ്ഥലം, ടൂറിസ്റ്റ് കേന്ദ്രങ്ങള്‍, കളിസ്ഥലങ്ങള്‍ എന്നിവിടങ്ങളിലേക്ക് ചുരുങ്ങിയ യാത്ര മതിയെന്നതാണ് ഖത്തര്‍ ലോക കപ്പിന്റെ പ്രധാന സവിശേഷതയെന്ന് സുപ്രിം കമ്മിറ്റി അസിസ്റ്റന്റ് സെക്രട്ടറി ജനറല്‍ നാസര്‍ അല്‍ഖാത്തര്‍ പറഞ്ഞു.
2014 ബ്രസീല്‍ ലോക കപ്പിന്റെ ഗ്രൂപ്പ് മല്‍സരങ്ങളില്‍ അമേരിക്കന്‍ ടീമിന് ആദ്യ മൂന്ന് കളികള്‍ക്ക് യാത്ര ചെയ്യേണ്ടി വന്നത് 9,000 എയര്‍ മൈലാണ്. ഇതില്‍ നിന്നു തന്നെ ഖത്തറിലെ ടൂര്‍ണമെന്റ് കളിക്കാര്‍ക്കും കാണികള്‍ക്കും എന്ത് മാത്രം സൗകര്യപ്രദമാണെന്ന് വ്യക്തമാവും. ലോക കപ്പിന്റെ എല്ലാ സ്റ്റേഡിയങ്ങളും മെട്രോ വഴി ബന്ധിപ്പിക്കും. അതിന് പുറമേ ബസ് സര്‍വീസ്, വാട്ടര്‍ ടാക്‌സി തുടങ്ങിയ പൊതു ഗതാഗത സൗകര്യങ്ങളും ഉണ്ടാവും. റോഡുകളുടെ വികസനവും കൂടി പൂര്‍ത്തിയാവുന്നതോടെ മികച്ച ഗതാഗത സൗകര്യമായിരിക്കും കളിയാരാധകര്‍ക്ക് ലഭിക്കുക. ഹമദ് ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ടിന്റെ വികസനവും വിവിധ ഹോട്ടലുകളുടെയും താമസ കേന്ദ്രങ്ങളുടെയും നിര്‍മാണവും പൂര്‍ത്തിയാവുന്നതോടെ 2022ല്‍ ഖത്തറിലേക്കൊഴുകുന്ന ആയിരക്കണക്കിന് ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ഏറ്റവും മികച്ച ആതിഥ്യം നല്‍കാന്‍ ഖത്തറിന് സാധിക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.