മസ്കത്ത്: ഒമാനില്‍ കോവിഡ് സാഹചര്യത്തില്‍ റസ്റ്റോറന്റുകള്‍ക്കും കഫേകള്‍ക്കുമുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ പൈതൃക- ടൂറിസം മന്ത്രാലയം പുറത്തിറക്കി. ഹോട്ടലുകളിലും കഫേകളിലും അമ്പത് ശതമാനം ആളുകളെ മാത്രമേ പ്രവേശിപ്പിക്കാന്‍ പാടുള്ളൂ. റസ്റ്റോറന്റുകളിലും കഫേകളിലും മുന്‍കരുതല്‍ നടപടി പാലിച്ചുവേണം ബുഫേ സംവിധാനം ഒരുക്കാന്‍. ഹോട്ടലുകളില്‍ പ്രവേശന കവാടങ്ങള്‍ കുറക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.
കോവിഡ് മാര്‍ഗ നിര്‍ദേശങ്ങള്‍ പ്രധാന കവാടത്തില്‍ പ്രദര്‍ശിപ്പിക്കണം. ജീവനക്കാരുടെയും അതിഥികളുടെയും താപനില പരിശോധിക്കണം. അതിഥികളും റിസപ്ഷനിസ്റ്റും തമ്മില്‍ രണ്ട് മീറ്റര്‍ അകലം ഉറപ്പാക്കണം. ഹോട്ടലുകള്‍ ഹൗസ്കീപ്പിങ് പുറം കരാര്‍ നല്‍കിയിരിക്കുകയാണെങ്കില്‍ ജീവനക്കാര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കണം. ഇവരെ ഒരു ഹോട്ടലില്‍ നിന്ന് മറ്റൊന്നിലേക്ക് മാറ്റാന്‍ പാടില്ല.
ഹോട്ടല്‍ താമസ മുറികള്‍ ഒരാള്‍ ഒഴിഞ്ഞ് രോഗാണുമുക്തമാക്കല്‍ പ്രവര്‍ത്തനങ്ങളും മറ്റും നടത്തിയ ശേഷം കുറഞ്ഞത് 24 മണിക്കൂറെങ്കിലും കഴിഞ്ഞ ശേഷമേ അടുത്തയാള്‍ക്ക് നല്കാന് പാടുള്ളൂവെന്നും നിര്‍ദേശത്തില്‍ പറയുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.