
ഒമാന്‍: മസ്‌കത്തില്‍ ലോക്ഡൗണ്‍ മെയ് എട്ട് വരെ നീട്ടി. തിങ്കളാഴ്ച ചേര്‍ന്ന സുപ്രീം കമ്മിറ്റി യോഗത്തിലാണ് തീരുമാനം. ഏപ്രില്‍ 22ന് രാവിലെ പത്തു മണി വരെയാണ് ലോക്ഡൗണ്‍ തീരുമാനിച്ചിരുന്നത്. ഇത് മെയ് എട്ടിന് രാവിലെ പത്തുമണി വരെ നീട്ടാനാണ് ആഭ്യന്തര മന്ത്രി സയ്യിദ് ഹമൂദ് ബിന്‍ ഫൈസല്‍ അല്‍ ബുസൈദിയുടെ അധ്യക്ഷതയില്‍ നടന്ന യോഗം തീരുമാനിച്ചത്.
പള്ളികള്‍ റമദാനിലും അടഞ്ഞ് കിടക്കും. തറാവീഹ് നമസ്‌കാരമടക്കം ഉണ്ടായിരിക്കില്ല. പതിവുപോലെ ബാങ്കുവിളി മാത്രമായിരിക്കും ഉണ്ടാവുക. പള്ളികളിലെയും ടെന്റുകളിലെയും മറ്റുപൊതു സ്ഥലങ്ങളിലെയും സമൂഹ നോമ്പുതുറകള്‍ അടക്കം എല്ലാവിധ ഒത്തുചേരലുകളും ഒഴിവാക്കാന്‍ കമ്മിറ്റി നിര്‍ദേശിച്ചു. സാമൂഹിക, കായിക, സാംസ്‌കാരിക വിഭാഗങ്ങളിലെ എല്ലാവിധ ഒത്തുചേരലുകളും കമ്മിറ്റി നിരോധിച്ചിട്ടുണ്ട്.
ലോക്ഡൗണിന്റെ പശ്ചാത്തലത്തില്‍ ഈ വര്‍ഷത്തെ സലാല ടൂറിസം ഫെസ്റ്റിവലും റദ്ദാക്കി. കോവിഡ് വ്യാപനത്തെ പ്രതിരോധിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് ഈ വര്‍ഷത്തെ ഫെസ്റ്റിവല്‍ റദ്ദാക്കാന്‍ ദോഫാര്‍ നഗരസഭ തീരുമാനിച്ചത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.